

മെഹബൂബ മുഫ്തി
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ജവാൻമാർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, ബിജെപി വക്താവ് അൽത്താഫ് ഠാക്കൂർ, ജമ്മു കശ്മീർ ബിജെപി അധ്യക്ഷൻ സത് ശർമ എന്നിവർ അപലപിച്ചു. മേഖലയുടെ സമാധാനവും സ്ഥിരതയും തകർക്കാനുള്ള ശ്രമമാണിതെന്ന് നേതാക്കൾ പ്രതികരിച്ചു.
ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നും ശക്തമായി അപലപിക്കപ്പെടേണ്ടതാണെന്നും മുൻ മുഖ്യമന്ത്രി കൂടിയായ മെഹബൂബ മുഫ്തി പറഞ്ഞു. പരുക്കേറ്റ സൈനികർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അവർ ആശംസിച്ചു. സമാധാനവും സ്ഥിരതയും അന്തസും ആഗ്രഹിക്കുന്ന സമൂഹത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സംഭവം അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും മേഖലയുടെ സമാധാനവും സ്ഥിരതയും തകർക്കാനുള്ള ശ്രമമാണെന്നും ബിജെപി വക്താവ് അൽത്താഫ് ഠാക്കൂർ പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട സൈനികർക്ക് നേരെയുള്ള ഏത് ആക്രമണവും അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ജമ്മു കശ്മീർ പൊലീസിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഭീകരതയ്ക്കും അതിന്റെ പ്രായോജകർക്കുമെതിരേ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ബിജെപി അധ്യക്ഷനും എംപിയുമായ സത് ശർമ പറഞ്ഞു. സ്വന്തം പരാജയങ്ങളിൽ നിന്നും ആഭ്യന്തര പ്രതിസന്ധികളിൽ നിന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാനാണ് പാക്കിസ്ഥാൻ ഭീകരവാദം ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭീകരതയോട് സഹിഷ്ണുത കാട്ടില്ലെന്നും ഭീകരർക്ക് സുരക്ഷിത താവളങ്ങളോ രക്ഷപ്പെടാനുള്ള അവസരമോ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് 2.15ഓടെ മിർ ബസാറിന് സമീപമുള്ള സിആർപിഎഫ് ചെക്പോസ്റ്റിന് നേരെ ബൈക്കിലെത്തിയ രണ്ട് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
ശ്രീനഗറിൽ നിന്ന് 75 കിലോമീറ്റർ മാത്രം അകലെയുള്ള പ്രദേശമാണിത്. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് ആക്രമണമുണ്ടായ സ്ഥലം. വെടിവയ്പ്പിന് ശേഷം രക്ഷപ്പെട്ട ഭീകരർക്കായി സുരക്ഷാസേന വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.