
രാജ്യസുരക്ഷയ്ക്കായി ഉപയോഗിക്കാം, വ്യക്തികൾക്ക് മേൽ പെഗാസസ് വേണ്ട; സുപ്രീംകോടതി
file image
ന്യൂഡൽഹി: രാജ്യസുരക്ഷയ്ക്കായി ചാര സോഫ്റ്റുവെയർ പെഗാസസ് ഉപയോഗിക്കാമെന്ന് സുപ്രീംകോടതി. രാജ്യസുരക്ഷ ഉറപ്പാക്കാനായി നടപടികൾ സ്വീകരിക്കുക എന്നത് സർക്കാരിന്‍റെ അവകാശമാണെന്നും അതിന്‍റെ ഭാഗമായി തന്നെ പെഗാസസിനെയും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
എന്നാൽ വ്യക്തികൾക്ക് മേൽ പെഗാസസ് പാടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആരുടെയെങ്കിലും സ്വകാര്യതയെ ലംഘിക്കുന്ന തരത്തിൽ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തുന്നുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരുടെ നിരവധി പരാതികൾ കോടതിയിൽ ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് പരിശോധിക്കാൻ സുപ്രീംകോടതി ഒരു സാങ്കേതിക സമിതിയെ നിയോഗിച്ചിരുന്നു.
ഈ സമിതിയുടെ റിപ്പോർട്ട് എല്ലാ ഹർജിക്കാർക്കും നൽകണമെന്ന ആവശ്യം ചൊവ്വാഴ്ച കേസ് പരിഗണിക്കവെ കോടതിക്ക് മുന്നിലെത്തി. കപിൽ സിബൽ ഉൾപ്പെടെയുള്ള അഭിഭാഷകരാണ് ഈ ആവശ്യം ഉയർത്തിയത്. എന്നാൽ കോടതി ഈ റിപ്പോർട്ട് ഹർജിക്കാർക്ക് നൽകിയില്ല. പകരം കൂടുതൽ വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.