'ഇക്കാലത്തും പരിഹാരത്തിനായി മന്ത്രവാദികളുടെ വാതിലുകളിൽ മുട്ടുന്നു എന്നത് ദൗർഭാഗ്യകരം': ബോംബെ കോടതി

6 പെണ്‍കുട്ടികളെ സുഖപ്പെടുത്താനെന്ന പേരില്‍ ലൈംഗികമായി ചൂഷണം ചെയ്ത കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം
Bombay High Court
Bombay High Court

മുംബൈ: തങ്ങളുടെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരത്തിനായി ആളുകൾ തന്ത്രിമാരുടെയും മന്ത്രവാദികളുടെയും വാതിലുകളിൽ മുട്ടുന്നത് നമ്മുടെ കാലഘട്ടത്തിലെ ദൗർഭാഗ്യകരമായ യാഥാര്‍ത്ഥ്യമാണെന്ന് ബോംബെ ഹൈക്കോടതി. മാനസിക വെല്ലുവിളി നേരിടുന്ന 6 പെണ്‍കുട്ടികളെ സുഖപ്പെടുത്താനെന്ന പേരില്‍ ലൈംഗികമായി ചൂഷണം ചെയ്ത 45 കാരനായ മന്ത്രവാദിക്കെതിരായ ജീവപര്യന്തം ശിക്ഷ ശരിവെച്ചുകൊണ്ട് ബോംബെ ഹൈക്കോടതി പറഞ്ഞു.

മന്ത്രവാദിയെന്ന് അവകാശപ്പെടുന്ന പ്രതി, ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന 6 പെൺകുട്ടികളെ സുഖപ്പെടുത്താനെന്ന പേരിൽ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍റെ കേസ്. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇത് അന്ധവിശ്വാസത്തിന്‍റെ വിചിത്രമായ കേസാണെന്നും പ്രതിക്ക് ഒരു ശിക്ഷാ ഇളവും അർഹിക്കുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.

പ്രായപൂർത്തിയാകാത്ത കുട്ടികളെ സുഖപ്പെടുത്താനെന്ന വ്യാജേന പെൺകുട്ടികളുടെ മാതാപിതാക്കളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും അവരിൽ നിന്ന് 1.30 കോടി രൂപ തട്ടിയെടുത്തു. 2010ലാണ് സംഭവത്തില്‍ കേസ് എടുക്കുന്നത്. 2016ല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ശിക്ഷയില്‍ ഇളവ് വരുത്തേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സെഷന്‍സ് കോടതി വിധി ശരിവെക്കുകയായിരുന്നു.

ലൈംഗികാതിക്രമത്തിന് ഇരയായതും, അവരുടെ മാതാപിതാക്കൾ ചൂഷണത്തിന് ഇരയായ സംഭവവും തെളിവുകൾ വഴി പ്രോസിക്യൂഷൻ കൃത്യമായി തെളിയിക്കാന്‍ സാധിച്ചെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com