

പുതുക്കി അവതരിപ്പിച്ച "വിബി- ജി റാം ജി' പദ്ധതിയുടെ സാധ്യതകള്‍
credit: jagaran josh
സരോജ് മഹാപാത്ര,
എക്സിക്യൂട്ടീവ് ഡയറക്റ്റർ,
പ്രൊഫഷണൽ അസിസ്റ്റൻസ് ഫോർ
ഡവലപ്മെന്‍റ് ആക്‌ഷൻ (പ്രദാൻ)
വൈവിധ്യമാര്‍ന്ന കാര്‍ഷിക- കാലാവസ്ഥാ സാഹചര്യങ്ങള്‍, പ്രകൃതിദത്തവും സാമ്പത്തികവുമായ വിഭവങ്ങളിലെ അസമത്വം, വിജ്ഞാനത്തിലേക്കും സാങ്കേതികവിദ്യയിലേക്കും വിപണിയിലേക്കുമുള്ള പരിമിതമായ പ്രവേശനം എന്നിവയാല്‍ രൂപപ്പെട്ടതാണ് ഇന്ത്യയുടെ സങ്കീർണമായ ഉപജീവന മേഖല. ഗ്രാമീണ കുടുംബങ്ങളിൽ 70% കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. അതില്‍ 83% ചെറുകിട- നാമമാത്ര കര്‍ഷകരാണ്.
ഉത്പാദനക്ഷമത വർധിപ്പിക്കാനും വിഭവങ്ങൾ, ജലസേചനം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കാനും വലിയ സാധ്യതകളുണ്ട്. എന്നാൽ വിപണിയുടെ കുറവ് വരുമാനത്തെ ബാധിക്കുന്നു. ഇത് പരിഹരിക്കാൻ ലക്ഷ്യബോധമുള്ള നിക്ഷേപങ്ങളും ജനപങ്കാളിത്ത സമീപനങ്ങളും അനിവാര്യമാണ്. 2005ല്‍ ആരംഭിച്ച മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (എംജിഎൻആർഇജിഎസ്) ഓരോ കുടുംബത്തിനും വര്‍ഷം കുറഞ്ഞത് 100 ദിവസത്തെ വേതനത്തോടെയുള്ള തൊഴില്‍ ഉറപ്പുനല്‍കിയതിലൂടെ തൊഴില്‍ ചെയ്യാനുള്ള അവകാശം സംരക്ഷിച്ചു.
ഒപ്പം, ഉപജീവന സുരക്ഷയ്ക്കായി ആസ്തികൾ സൃഷ്ടിച്ചു. ഗ്രാമ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള പങ്കാളിത്ത ആസൂത്രണത്തിലൂടെ, "ഇന്നത്തെ വേതനം - നാളത്തെ ഉപജീവനം' എന്ന മാതൃക ഈ പദ്ധതി വിജയകരമായി തെളിയിച്ചിട്ടുണ്ട്. വലിയ തോതിലുള്ള ആസ്തി സൃഷ്ടി ഉത്പാദന ആസ്തികളും ഉപജീവനമാര്‍ഗവും വരുമാന സുരക്ഷയും ഗാര്‍ഹിക ശേഷികളും മെച്ചപ്പെടുത്തി. ഛത്തീസ്ഗഢിലെ ഹൈ ഇംപാക്റ്റ് മെഗാ വാട്ടര്‍ഷെഡ് പദ്ധതി ഭൂമിയും ജലസ്രോതസുകളും സംരക്ഷിച്ചുകൊണ്ട് ചെറുകിട കർഷകരുടെ വരുമാനം വർധിപ്പിച്ചു.
പടിഞ്ഞാറന്‍ ഒഡിഷയില്‍ മൈഗ്രേഷന്‍ പ്രോജക്റ്റ് വഴി വേതനത്തോടെ (സംസ്ഥാന ബജറ്റില്‍ നിന്ന്) 200 അധിക തൊഴില്‍ ദിനങ്ങൾ നല്‍കി ഭൂമി, ജല വികസനം വഴി ഉപജീവന മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തി. അതു തൊഴിൽ തേടിയുള്ള പലായനം കുറച്ചു. ഝാര്‍ഖണ്ഡിലെ ബിര്‍സ ഹരിത് ഗ്രാം യോജന ഗ്രാമ പഞ്ചായത്തുകളുടെയും വനിതാ കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ തരിശു ഭൂമികളെ ഫലവൃക്ഷത്തോട്ടങ്ങളാക്കി. മധ്യപ്രദേശ് ജല്‍ ഗംഗാ സംവർധന്‍ അഭിയാനു കീഴില്‍ 85,000ത്തിലധികം കൃഷിയിടങ്ങള്‍ സൃഷ്ടിച്ചു. അത് ചെറുകിട കര്‍ഷകരുടെ ജലസുരക്ഷ മെച്ചപ്പെടുത്തി.
ഈ സംരംഭങ്ങളില്‍ നിന്നുള്ള പ്രധാന പാഠങ്ങള്‍ ഇനി പറയുന്നു:
* ശാസ്ത്രീയവും പങ്കാളിത്തപരവുമായ ആസൂത്രണ പ്രക്രിയകളില്‍ സമൂഹം പങ്കാളികളാകുമ്പോള്‍ ജനങ്ങളുടെ ജീവിതവും ഉപജീവനമാര്‍ഗവും മാറുന്നു.
* സാങ്കേതിക ശേഷി വർധിപ്പിക്കുന്നതിലൂടെ മികച്ച ഫലങ്ങൾ കൈവരിക്കാം.
* ജിഐഎസ് ഉപകരണങ്ങളും ജലവിനിയോഗ മാർഗരേഖയും പദ്ധതികളിൽ സംയോജിപ്പിക്കല്‍.
* ഉപജീവനമാര്‍ഗം വര്‍ധിപ്പിക്കാനും വൈവിധ്യവത്കരത്തിനും കാരണമാകുന്ന വലിയ തോതിലുള്ള ഭൂമി, ജല സംരക്ഷണ ആസ്തികള്‍ സൃഷ്ടിക്കൽ.
* ഗ്രാമ പഞ്ചായത്ത് നയിക്കുന്ന പദ്ധതികള്‍ സാക്ഷാത്കരിക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൃത്യമായ നിക്ഷേപം ഉറപ്പാക്കുക.
സമൂഹാധിഷ്ഠിത ആസൂത്രണം പദ്ധതികളിലുള്ള ഉടമസ്ഥാവകാശ ബോധം വർധിപ്പിക്കും. പ്രകൃതി വിഭവങ്ങൾ, തൊഴിൽ നൈപുണ്യം, ചെറുകിട- നാമമാത്ര കർഷകരുടെ ആഗ്രഹങ്ങൾ എന്നിവയ്ക്ക് കരുത്തേകും. ഇത് വൈവിധ്യമാർന്നതും സുസ്ഥിരവുമായ ഉപജീവന മാർഗങ്ങൾ നൽകും.
രണ്ട് പതിറ്റാണ്ടായി എംജിഎൻആർഇജിഎസ് ഗ്രാമീണ കുടുംബങ്ങള്‍ക്ക് വേതനത്തോടെ ഉറപ്പായ തൊഴില്‍ നല്‍കി. ഗ്രാമീണ യുവാക്കള്‍ 2.5 ലക്ഷം രൂപയോ അതില്‍ കൂടുതലോ വാര്‍ഷിക വരുമാനം ആഗ്രഹിക്കുന്നതിനാല്‍, പ്രതിരോധശേഷിയുള്ള ഉപജീവന മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുക, കാലാവസ്ഥാ പ്രതിരോധശേഷിയും ജല സുരക്ഷയും പ്രോത്സാഹിപ്പിക്കുക, ഗ്രാമീണ വളര്‍ച്ചാ കേന്ദ്രങ്ങള്‍ വികസിപ്പിക്കുക, സംരംഭകത്വം വളര്‍ത്തുക എന്നിവയിലാണ് മുന്നോട്ടുള്ള വഴി ഉൾക്കൊള്ളുന്നത്.
"വിബി-ജി റാം ജി'യുടെ സാധ്യതകള്‍
ഗാര്‍ഹിക വരുമാനം ഉറപ്പാക്കുന്നതിലൂടെയും തൊഴില്‍ ദിനങ്ങള്‍ വർധിപ്പിക്കുന്നതിലൂടെയും സുസ്ഥിര ഉപജീവന ആസ്തികള്‍ കെട്ടിപ്പടുക്കുന്നതിലൂടെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നതാണ് ""വികസിത് ഭാരത് ഗ്യാരന്‍റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍റെ (ഗ്രാമീണ്‍)'' എന്ന പുതിയ പദ്ധതിയുടെ ലക്ഷ്യം. ജല ലഭ്യത മെച്ചപ്പെടുത്തുക, ഉപജീവന മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുക, കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാന്‍ കഴിയുന്ന ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക എന്നീ സാധ്യതകളും ഇതിനുണ്ട്.
2047ൽ വികസിത ഇന്ത്യ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി കൂട്ടിയിണക്കി, ഗ്രാമ വികസനത്തിനായുള്ള ഏകീകൃതവും സമഗ്രവുമായ സമീപനം ഉറപ്പാക്കാൻ, വിവിധ കേന്ദ്ര ഗവണ്മെന്‍റ് പദ്ധതികളെ ഏകോപിപ്പിക്കുന്നു എന്നതാണ് "വിബി-ജി റാം ജി'' എന്ന ഈ സംരംഭത്തിന്‍റെ പ്രധാന സവിശേഷത. ജല സുരക്ഷയാണ് പ്രധാന ഘടകം. ചെറുകിട കർഷകരുടെ ആവശ്യങ്ങൾ പരിഗണിച്ച് പ്രാദേശിക ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ജനകീയ ആസൂത്രണത്തിന് പദ്ധതി മുൻഗണന നൽകുന്നു.
"ഒരു ഗ്രാമ പഞ്ചായത്ത്, ഒരു പദ്ധതി' എന്ന തത്വത്തിന് കീഴില്‍ താഴേത്തട്ടിലുള്ള ആസൂത്രണ യൂണിറ്റായി വികസിത ഗ്രാമ പഞ്ചായത്ത് പദ്ധതി പ്രവര്‍ത്തിക്കും. 125 തൊഴിൽ ദിനങ്ങൾ പ്രയോജനപ്പെടുത്തി പ്രാദേശിക ആവശ്യങ്ങൾ കണ്ടെത്താനും, ലഭ്യമായ തൊഴിൽ നൈപുണ്യങ്ങൾ ഉപയോഗിക്കാനും, പുതിയ ഉപജീവന അവസരങ്ങൾ തുറക്കാനും, ഗ്രാമീണ ജനതയുടെ ആഗ്രഹങ്ങൾ നിറവേറ്റാനും സാധിക്കും. ഗ്രാമ പഞ്ചായത്ത് പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശേഷി വർധിപ്പിക്കാനും ആസൂത്രണ പ്രക്രിയ കൂടുതൽ സുതാര്യമാക്കാനും സിഎസ്ഒകള്‍ക്കും വിദഗ്ധർക്കും സുപ്രധാന പങ്ക് വഹിക്കാം.
ഗ്രാമീണ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനും പ്രാദേശിക ആവാസ വ്യവസ്ഥയെ സംരക്ഷിക്കാനും പഞ്ചായത്ത് തലത്തിൽ ജല സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ദീൻദയാൽ അന്ത്യോദയ യോജന – ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിനു കീഴിലുള്ള വനിതാ കൂട്ടായ്മകളെയും പദ്ധതികളെയും പങ്കാളിത്ത ആസൂത്രണത്തിൽ ഉൾപ്പെടുത്തുന്നതു വഴി മികച്ച സാമൂഹിക ഉടമസ്ഥാവകാശം വളർത്തിയെടുക്കാം.
ആസ്തികൾ ഫലപ്രദമായി വിനിയോഗിക്കുമ്പോഴേ ഉപജീവന സുരക്ഷ ഉറപ്പാക്കാനാവൂ. സുസ്ഥിര ഉത്പാദന രീതികൾ, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കൃഷി മുറകൾ, മെച്ചപ്പെട്ട സാങ്കേതികവിദ്യകൾ, ക്ലസ്റ്റർ അധിഷ്ഠിത ഉപജീവന മാർഗങ്ങൾ, പ്രാദേശിക സംരംഭകത്വം, വകുപ്പുകളുടെ ശക്തമായ ഏകോപനം എന്നിവയിലൂടെ ഉപജീവനം ശക്തിപ്പെടുത്തുന്നതിൽ പഞ്ചായത്തുകളും വനിതാ കൂട്ടായ്മകളും നിർണായക പങ്ക് വഹിക്കും.
കൂടാതെ, ഇതൊരു നിയമപരമായ ഉറപ്പായതിനാൽ, നിലവിലുള്ള 100 ദിവസത്തിന് പുറമെ 25 അധിക തൊഴിൽ ദിനങ്ങൾ കൂടി ലഭിക്കും. വേതനം ആഴ്ച തോറും നൽകാനുള്ള വ്യവസ്ഥ സാമ്പത്തിക സുരക്ഷിതത്വം വർധിപ്പിക്കും. ഏറ്റവും ദുർബലമായ സാഹചര്യങ്ങളിൽ കഴിയുന്ന കുടുംബങ്ങളെ സഹായിക്കാൻ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം "സമാവേശി ആജീവിക യോജന' ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ഉത്പാദന നഷ്‌ടം കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാനും സംഭരണശാലകൾ, ചെറിയ ശീത സംഭരണികൾ, സോളാർ പ്രോസസിങ് യൂണിറ്റുകൾ തുടങ്ങിയവ വികസിപ്പിക്കാനും ഈ ദൗത്യം പിന്തുണയ്ക്കുന്നു. സംവിധാനങ്ങളും പ്രക്രിയകളും ഡിജിറ്റൈസ് ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സുതാര്യത, കാര്യക്ഷമത, സേവന വിതരണം എന്നിവ മെച്ചപ്പെടുത്തും.
സ്ത്രീകൾ, ജലം, സമ്പത്ത് എന്നിവയിലൂന്നിയുള്ള ഈ സമീപനം സാമൂഹിക സമത്വവും പരിസ്ഥിതി സന്തുലനവും പ്രോത്സാഹിപ്പിക്കും. ഒപ്പം ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും. സ്ത്രീകള്‍ നയിക്കുന്ന സ്വയം സഹായ സംഘങ്ങള്‍, ക്ലസ്റ്റര്‍ തല ഫെഡറേഷനുകള്‍, ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയ്ക്ക് ദുര്‍ബല കുടുംബങ്ങളെ, പ്രത്യേകിച്ച് വനിതാ അംഗങ്ങളെ കണ്ടെത്തി അവരുടെ ജീവിതവും ഉപജീവനമാര്‍ഗവും പരിവര്‍ത്തനം ചെയ്യാനും പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുമുള്ള ആസൂത്രണ പ്രക്രിയകളില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും.
ഗ്രാമീണ ഇന്ത്യയിലെ അതിജീവന ശേഷി വർധിപ്പിക്കാനും ഉപജീവന അവസരങ്ങൾ വിപുലീകരിക്കാനുമാണ് 125 ദിവസത്തെ തൊഴിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. "വികസിത ഇന്ത്യ @2047' എന്ന കാഴ്ചപ്പാടിന് അനുസൃതമായി ഗ്രാമങ്ങളെ അന്തസും അവസരങ്ങളും അഭിലാഷങ്ങളും പൂവണിയുന്ന ഇടങ്ങളാക്കി മാറ്റാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു.