Apple iPhone
Apple iPhoneRepresentative image

ഫോൺ ചോർത്തൽ വിവാദം വീണ്ടും; ഇക്കുറി ആപ്പിൾ വഴി

പ്രത്യേക ഭരണകൂടത്തെ ലക്ഷ്യമിട്ടല്ല മുന്നറിയിപ്പെന്ന് ആപ്പിൾ, അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം.

ന്യൂഡൽഹി: ഭരണകൂട പിന്തുണയുള്ള ഹാക്കർമാർ ഐഫോണുകൾ ചോർത്തിയേക്കാമെന്ന് ആപ്പിൾ കമ്പനി മുന്നറിയിപ്പു നൽകിയെന്ന പ്രതിപക്ഷ നേതാക്കളുടെ ആരോപണത്തെച്ചൊല്ലി രാഷ്‌ട്രീയ വിവാദം. സർക്കാരിന്‍റെ പ്രതിച്ഛായ നശിപ്പിക്കാനാണു പ്രതിപക്ഷ ശ്രമമെന്നു തിരിച്ചടിച്ച ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഈ വിഷയത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു.

150 രാജ്യങ്ങളിൽ ഇത്തരം മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ആപ്പിൾ കമ്പനി അന്വേഷണത്തോടു സഹകരിക്കണമെന്നും കേന്ദ്രമന്ത്രി. അതേസമയം, ഏതെങ്കിലും പ്രത്യേക ഭരണകൂടത്തെ ലക്ഷ്യമിട്ടല്ല മുന്നറിയിപ്പെന്ന് ആപ്പിൾ വിശദീകരിച്ചു.

ആരോപണം ആദ്യം ഉന്നയിച്ചത് മഹുവ മൊയ്ത്ര

ചോദ്യക്കോഴ വിവാദത്തിൽ പ്രതിരോധത്തിലായ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയാണ് ഐഫോണുകൾ ഹാക്ക് ചെയ്തേക്കാമെന്ന മുന്നറിയിപ്പിന്‍റെ സ്ക്രീൻ ഷോട്ടുമായി ആദ്യം രംഗത്തെത്തിയത്.

കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ശിവസേന ഉദ്ധവ് താക്കറെ പക്ഷം എംപി പ്രിയങ്കാ ചതുര്‍വേദി, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, എഎപി എംപി രാഘവ് ഛദ്ദ തുടങ്ങിയവരും സമാനമായ സ്ക്രീൻ ഷോട്ട് സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ വിവാദം കൊഴുത്തു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്പി നേതാവ് അഖിലേഷ് യാദവ്, ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍ എന്നിവരും ആരോപണത്തെ പിന്തുണച്ചു. തങ്ങളുടെ ഓഫിസിലുള്ളവർക്കും ഇതേ സന്ദേശം ലഭിച്ചെന്നു രാഹുൽ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ആരോപിച്ചതോടെ "പെഗാസസ് ചാര സോഫ്റ്റ്‌വെയർ വിവാദത്തിന്‍റെ' ആവർത്തനത്തിനുള്ള സാധ്യത ശക്തമായി.

യെച്ചൂരിയും പ്രിയങ്ക ചതുർവേദിയും അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹുവ മൊയ്ത്ര ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കും കത്തെഴുതി.

വിശദീകരണവുമായി ആപ്പിൾ

കാര്യങ്ങൾ ഇത്രത്തോളമെത്തിയപ്പോഴാണ് ഐഫോൺ നിർമാതാക്കളായ ആപ്പിൾ കമ്പനി വിശദീകരണം നൽകിയത്. ഏതെങ്കിലും പ്രത്യേക ഭരണകൂടത്തിന്‍റെ ഹാക്കര്‍മാരാണെന്നു മുന്നറിയിപ്പിൽ ഉദ്ദേശിക്കുന്നില്ലെന്നും നോട്ടിഫിക്കേഷന്‍ തെറ്റായ മുന്നറിയിപ്പാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കമ്പനി വ്യക്തമാക്കി. ഹാക്കർമാർ രീതി മാറ്റാന്‍ സാധ്യതയുള്ളതിനാല്‍ ഏത് സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ആപ്പിള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രതിപക്ഷത്തിനെതിരേ മന്ത്രി, അദാനിക്കെതിരേ രാഹുൽ

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം മുന്നോട്ടു കുതിക്കുന്നത് ഇഷ്ടപ്പെടാതെ കുറ്റങ്ങളുണ്ടാക്കുകയാണ് പ്രതിപക്ഷമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. ആരോപണത്തിൽ അടിത്തട്ടു വരെ അന്വേഷിക്കുമെന്നു പറഞ്ഞ മന്ത്രി ആപ്പിൾ സഹകരിക്കണമെന്നും നിർദേശിച്ചു.

അതേസമയം, ഫോൺ ചോർത്തിയാലും തങ്ങൾ ഭയക്കില്ലെന്നു രാഹുൽ ഗാന്ധി പറഞ്ഞു. അദാനിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ അദാനി ഒന്നാമനും മോദി രണ്ടാമനും അമിത് ഷാ മൂന്നാമനുമായിമാറി. വിമാനത്താവളങ്ങളും, വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതിയെന്നും രാഹുൽ.

അന്നു പെഗാസസ്, ഇന്ന് ആപ്പിൾ

ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കള്‍, സുപ്രീംകോടതി ജഡ്ജിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുൾപ്പെടെ 300ലേറെ പേരുടെ ഫോണുകൾ കേന്ദ്രം ചോർത്തുകയോ നിരീക്ഷിക്കുകയോ ചെയ്തെന്ന പ്രതിപക്ഷ ആരോപണം വലിയ രാഷ്‌ട്രീയ വിവാദമായിരുന്നു. 2019ൽ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം പൂർണമായി ഈ വിഷയത്തിലെ ബഹളത്തിൽ സ്തംഭിച്ചു.

ഒടുവിൽ സുപ്രീം കോടതി ഇതേക്കുറിച്ച് അന്വേഷണത്തിനു സമിതിയെ നിയോഗിച്ചു. ദേശ സുരക്ഷയുടെ പേരു പറഞ്ഞ് എല്ലാക്കാര്യത്തിലും കേന്ദ്രത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്ന താക്കീതോടെയായിരുന്നു പരമോന്നത കോടതിയുടെ നടപടി. എന്നാൽ, ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ച സാങ്കേതിക സമിതിയുടെ അന്വേഷണത്തിൽ പെഗാസസ് ഉപയോഗിച്ചുവെന്നതിന് സ്ഥിരീകരണമുണ്ടായില്ല. 29 ഫോണുകൾ പരിശോധിച്ചതിൽ അഞ്ചെണ്ണത്തിൽ ചാര സോഫ്റ്റ്‌വെയർ കണ്ടെങ്കിലും ഇതു പെഗാസസ് ആണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നു സമിതി പറഞ്ഞു. കേന്ദ്ര സർക്കാർ നിസഹകരിക്കുകയാണെന്നും സമിതി അറിയിച്ചു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com