

ഡൽഹിയിൽ 6 വയസുകാരന്‍റെ ചെവി കടിച്ചെടുത്ത് വളർത്തുനായ; ഉടമ അറസ്റ്റിൽ
ന്യൂഡല്‍ഹി: ഡല്‍ഹിയിൽ ആറുവയസുകാരനു നേരെ വളര്‍ത്തുനായയുടെ ക്രൂരമായ ആക്രമണം. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായ കുട്ടിയുടെ ചെവി കടിച്ചെടുത്തു. ഞായറാഴ്ച വൈകിട്ട് കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. നായയെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴേക്ക് കുട്ടിയുടെ നേര്‍ക്ക് നായ ചാടിവീഴുകയായിരുന്നെന്നാണ് വിവരം.
നായ്‌ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ നായയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സമീപത്തുണ്ടായിരുന്ന ഒരാള്‍ കുട്ടിയുടെ കാലിൽപിടിച്ച് വലിച്ച് മാറ്റുകയായിരുന്നു. എന്നാൽ ഇതിനൊപ്പം നായ കുട്ടിയുടെ ചെവിയും കടിച്ചെടുത്തു.
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് നായയുടെ ഉടമയായ രാജേഷ് പാലിനെ (50) അറസ്റ്റ് ചെയ്തു.