
എഐ 315 വിമാനം
ന്യൂഡല്‍ഹി: ചൊവ്വാഴ്ച ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ഉടനെ എയര്‍ ഇന്ത്യയുടെ എഐ 315 വിമാനത്തിന് തീപിടിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ഹോങ്കോങ്-ഡല്‍ഹി വിമാനത്തില്‍ യാത്രക്കാര്‍ ഇറങ്ങിയ ശേഷം ഗേറ്റില്‍ പാര്‍ക്ക് ചെയ്തതിനു തൊട്ടുപിന്നാലെ ഓക്‌സിലറി പവര്‍ യൂണിറ്റില്‍ (എപിയു) തീ പിടുത്തമുണ്ടായി. തീ അണച്ചതായി ഡല്‍ഹി ഇന്റര്നാഷണല് എയര്‍പോര്‍ട്ട് ലിമിറ്റഡ് അറിയിച്ചു. തീ പിടിത്തത്തിനു പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
എപിയു എന്നത് ഒരു ചെറിയ എന്‍ജിനാണ്. വിമാനം ഗ്രൗണ്ട് ചെയ്തിരിക്കുമ്പോള്‍ ലൈറ്റുകള്‍, എയര്‍ കണ്ടീഷനിങ്, പ്രധാന എന്‍ജിനുകള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ വൈദ്യുതി നല്‍കുന്നതടക്കമുള്ള കാര്യങ്ങളാണ് എപിയുവിന്‍റേത്.
എപിയുവില്‍ തീപിടുത്തമുണ്ടായാല്‍ അതിനര്‍ഥം എപിയു അമിതമായി ചൂടായിട്ടുണ്ടാകാമെന്നാണ്. ഇത് വേഗത്തില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ അപകടം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്നു വിദഗ്ധർ പറയുന്നു.