

ഡൽഹി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ വിവേക് ഭഗത്
ന്യൂഡൽഹി: ഡൽഹി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ വിവേക് ഭഗതിനെതിരേ ലൈംഗികാതിക്രമ പരാതി നൽകിയ വനിതാ മാധ്യമപ്രവർത്തകയ്ക്ക് ബലപ്രയോഗ നടപടികളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
ഒക്റ്റോബർ ആദ്യയാഴ്ച ജന്തർ മന്തറിന് സമീപം നടന്ന പ്രതിഷേധത്തിനിടെ ഭഗതിനെതിരേ ജാതിയധിക്ഷേപം നടത്തിയെന്നും പൊതുവേദിയിൽ അപമാനിച്ചെന്നും ആരോപിച്ച് ഡൽഹി പൊലീസ് മാധ്യമപ്രവർത്തകയ്ക്കും മറ്റുള്ളവർക്കുമെതിരേ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവർത്തക കോടതിയെ സമീപിച്ചത്.
ആക്റ്റിങ് ചീഫ് ജസ്റ്റിസ് നിതിൻ വാസുദേവ് സാംബ്രെ, ജസ്റ്റിസ് സഞ്ജയ് ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെയാണ് പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസെടുത്തതെന്നും ബലപ്രയോഗ നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണം വേണമെന്നും മാധ്യമപ്രവർത്തകയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്നായിരുന്നു ബെഞ്ചിന്റെ മറുപടി.
ന്യൂഡൽഹി ജില്ലയിലെ കൊണോട്ട് പ്ലേസ് സബ് ഡിവിഷൻ എസിപിയായ വിവേക് ഭഗത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഒക്റ്റോബർ മൂന്നിന് ജന്തർ മന്തറിന് സമീപമുള്ള ബൂട്ടാ സിങ് റൗണ്ട് എബൗട്ടിൽ ക്രമസമാധാന ചുമതല നിർവഹിക്കുന്നതിനിടെ മാധ്യമപ്രവർത്തക തന്റെ മേഘ്വാൾ ജാതിയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും എസിപിയായി നിയമിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുകയും ചെയ്തെന്നാണ് ഭഗതിന്റെ ആരോപണം.
അഭിജീത് ദിപ്കെ, അശുതോഷ് റങ്ക, സൗരവ് ദാസ്, രത്ന സിങ് എന്നിവരുൾപ്പെടെയുള്ള കോക്രോച്ച് ജനതാ പാർട്ടി അംഗങ്ങളും മാധ്യമപ്രവർത്തകയും ചേർന്ന് എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്ന പോസ്റ്റുകളും റീലുകളും പ്രചരിപ്പിച്ചതായും ഭഗത് പരാതിയിൽ പറയുന്നു.
പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾക്കും ഭാരതീയ ന്യായ സംഹിതയിലെ 221 (ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ), 356(2) (മാനനഷ്ടം) എന്നീ വകുപ്പുകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, എസിപി വിവേക് ഭഗതിനെതിരേ വനിതാ മാധ്യമപ്രവർത്തക നൽകിയ ലൈംഗികാതിക്രമ പരാതി ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്.