എൻജിഒകളുടെ എണ്ണം പകുതിയായി, വിദേശസംഭാവന വർധിച്ചു

കഴിഞ്ഞ സാമ്പത്തിക വർഷം വിവിധ മതസംഘടനകൾക്കുവേണ്ടി എത്തിയത് 1841 കോടി രൂപ
BJP MP Sanjay Jaiswal

ബിജെപി എംപി സഞ്ജയ് ജയ്സ്വാൾ

Updated on

ന്യൂഡൽഹി: പത്തു വർഷത്തിനിടെ രാജ്യത്ത് വിദേശ സംഭാവനാ നിയന്ത്രണ നിയമ (എഫ്സിആർഎ) പ്രകാരം രജിസ്റ്റർ ചെയ്തു സജീവമായി പ്രവർത്തിക്കുന്ന എൻജിഒകളുടെ എണ്ണം പകുതിയോളമായി കുറഞ്ഞു. എന്നാൽ, വിദേശത്തു നിന്നെത്തുന്ന പണത്തിന്‍റെ തോത് ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം വിവിധ മതസംഘടനകൾക്കുവേണ്ടി എത്തിയത് 1841 കോടി രൂപയാണ്. ഇതിന്‍റെ നാലിൽ മൂന്നും ലഭിച്ചത് ക്രൈസ്തവ സംഘടനകൾക്ക്. എഫ്സിആർഎ ഭേദഗതി ബിൽ പരിഗണിക്കുന്ന സംയുക്ത പാർലമെന്‍ററി സമിതിക്കു (ജെപിസി) മുന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണു വിശദമായ കണക്കുകൾ നിരത്തിയത്.

ബില്ലിനെതിരേ പ്രതിപക്ഷവും വിവിധ ക്രൈസ്തവ സഭകളും കടുത്ത പ്രതിഷേധമുയർത്തുന്നതിനിടെയാണു ബിജെപി എംപി സഞ്ജയ് ജയ്സ്വാൾ അധ്യക്ഷനായ ജെപിസി ആദ്യ യോഗം ചേർന്നത്. ചട്ടം ലംഘിക്കുന്ന സംഘടനകളുടെ ആസ്തികൾ പ്രത്യേക അഥോറിറ്റിക്കു കീഴിലേക്കു പോകുമെന്ന ബില്ലിലെ വ്യവസ്ഥയെ ഉൾപ്പെടെ പ്രതിപക്ഷാംഗങ്ങൾ ചോദ്യം ചെയ്തു. രാജ്യത്ത് 15 സംസ്ഥാനങ്ങളിലായി എഫ്സിആർഎ രജിസ്ട്രേഷനുള്ള 14,466 എൻജിഒകളുണ്ടെന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ അറിയിച്ചു. 2015ൽ 29022 എൻജിഒകളുണ്ടായിരുന്നു. എന്നാൽ, 2015-16ൽ 17832 കോടി രൂപയാണു വിദേശത്തു നിന്നെത്തിയതെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 22974 കോടിയാണ്.

എൻജിഒകൾ ഏറെയും ദക്ഷിണേന്ത്യയിൽ

രാജ്യത്ത് ആകെയുള്ള എൻജിഒകളിൽ മൂന്നിലൊന്നിലുമേറെ ദക്ഷിണേന്ത്യയിൽ. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ എൻജിഒകളുള്ളത്- 2102. മഹാരാഷ്‌ട്ര 1578, കർണാടക 1355, ഡൽഹി 1218, ആന്ധ്രപ്രദേശ് 1022, കേരളം 1013 എന്നീ സംസ്ഥാനങ്ങളാണു തൊട്ടുപിന്നിലുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ പണമെത്തിയത് യുഎസിൽ നിന്നാണ്. 12,113 കോടി രൂപ അമെരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഒഴുകി. യുകെ-2414 കോടി, ജർമനി -1782 കോടി, സ്വിറ്റ്സർലൻഡ് -733 കോടി, സിംഗപ്പുർ-669 കോടി എന്നീ രാജ്യങ്ങളാണു തൊട്ടടുത്ത സ്ഥാനങ്ങളിൽ.

കൂടുതൽ പണം ക്രൈസ്തവ സംഘടനകൾക്ക്

2024-25 സാമ്പത്തിക വർഷം 1841 കോടി രൂപയാണു വിവിധ മത സംഘടനകൾക്കു വേണ്ടിയെത്തിയ വിദേശസംഭാവന. ഇതിൽ 1345 കോടിയും ക്രൈസ്തവ സംഘടനകൾക്കാണ്. ഹിന്ദു എൻജിഒകൾക്ക് 328 കോടി. ബുദ്ധ വിഭാഗത്തിലെ എൻജിഒകൾക്ക് 51 കോടി. മുസ്‌ലും ഗ്രൂപ്പുകൾക്ക് 19 കോടി. ക്രൈസ്തവ സംഘടനകൾക്കു ലഭിച്ച പണത്തിൽ ഭൂരിപക്ഷവും കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ എൻജിഒകൾക്കാണ് കിട്ടിയത്. ഹിന്ദു എൻജിഒകൾക്ക് പണം ലഭിച്ചതിൽ ഗുജറാത്ത്, ഡൽഹി, തമിഴ്നാട് സംസ്ഥാനങ്ങളാണു മുന്നിൽ. ആകെ ലഭിച്ച വിദേശ സംഭാവനകളുടെ തോത് പരിശോധിച്ചാൽ 5834 കോടി രൂപയോടെ ഡൽഹിയാണു മുന്നിൽ. കർണാടക-3164 കോടി, മഹാരാഷ്‌ട്ര-2385 കോടി, തമിഴ്നാട്- 2313 കോടി എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നിലുണ്ട്.

logo
Metro Vaartha
www.metrovaartha.com