
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രൂപീകരിച്ച പ്രതിപക്ഷ സഖ്യം "ഇന്ത്യ'യിലെ പ്രധാന കക്ഷികൾ തമ്മിൽ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തെച്ചൊല്ലി പോസ്റ്റർ യുദ്ധം. കോൺഗ്രസും സമാജ്വാദി പാർട്ടിയുമാണു യുപിയിൽ പുതിയ യുദ്ധമുഖം തുറന്നത്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പരസ്പരം മത്സരിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ഇരുപാർട്ടികളുടെയും ബന്ധം വഷളാക്കുന്ന ഏറ്റുമുട്ടൽ.
ഭാവി പ്രധാനമന്ത്രിയെന്ന പേരിൽ കഴിഞ്ഞ ദിവസം സമാജ്വാദി പാർട്ടി അഖിലേഷ് യാദവിന്റെ പോസ്റ്റർ ലക്നൗവിലെ പാർട്ടി ഓഫിസിൽ സ്ഥാപിച്ചിരുന്നു. ഇതിനു മറുപടിയായി ഇന്നലെ "2024ലെ പ്രധാനമന്ത്രി' എന്ന പേരിൽ രാഹുൽ ഗാന്ധിയുടെ ചിത്രം കോൺഗ്രസ് ഓഫിസിനു മുന്നിൽ സ്ഥാപിച്ചു. യുപിസിസി അധ്യക്ഷൻ അജയ് റായിയെ 2027ലെ യുപി മുഖ്യമന്ത്രിയായി ചിത്രീകരിക്കുന്ന പോസ്റ്ററും പാർട്ടി ഉയർത്തി.
പിന്നാക്കക്കാർക്കും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി പോരാടുന്നത് എസ്പിയാണെന്നും അഖിലേഷ് പ്രധാനമന്ത്രിയാകണമെന്നതാണു തങ്ങളുടെ ആഗ്രഹമെന്നും എസ്പി വക്താവ് ഫഖറുൽ ഹസൻ ചന്ദ് പറഞ്ഞു. കോൺഗ്രസ് എത്ര പോസ്റ്റർ ഉയർത്തുന്നുവെന്നതിൽ കാര്യമില്ലെന്നും അദ്ദേഹം.
നേരത്തേ, മധ്യപ്രദേശിൽ പ്രതിപക്ഷ സഖ്യത്തിനുള്ള നീക്കം കോൺഗ്രസും എസ്പിയും ജെഡിയുവും തനിച്ചു മത്സരിക്കാൻ തീരുമാനിച്ചതോടെ പരാജയപ്പെട്ടിരുന്നു.