
പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലെത്തി. കലാപം പൊട്ടിപ്പുറപ്പെട്ട 2023 ന് ശേഷം ആദ്യമായാണ് മോദി മണിപ്പൂരിലെത്തുന്നത്. മണിപ്പൂരിലെ ജനങ്ങളുടെ ആവേശത്തിനു മുന്നിൽ സല്യൂട്ട് ചെയ്യുമെന്ന് അഭിസംബോധന ചെയ്തുകൊണ്ടു മോദി പറഞ്ഞു. മാത്രമല്ല സർക്കാർ മണിപ്പൂരിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
''ധൈര്യത്തിന്‍റെയും നിശ്ചയധാർഢ്യത്തിന്‍റെയും നാടാണ് മണിപ്പൂർ. പ്രകൃതിയുടെ അമൂല്യമായ സമ്മാനമാണ് ഈ മലകൾ. നിർഭാഗ്യവശാൽ, ഈ ഊർജ്ജസ്വലമായ പ്രദേശം അക്രമത്തിന്‍റെ പിടിയിലായിരുന്നു. ക്യാംപുകളിൽ കഴിയുന്ന ദുരിതബാധിതരായ ആളുകളെ ഞാൻ കണ്ടുമുട്ടി, അവരുമായി സംസാരിച്ചതിന് ശേഷം, മണിപ്പൂരിൽ പ്രതീക്ഷയുടെയും വിശ്വാസത്തിന്‍റെയും ഒരു പുതിയ പ്രഭാതം പൊട്ടിപ്പുറപ്പെടുന്നുവെന്ന് എനിക്ക് പറയാൻ കഴിയും.''അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനത്തിലേക്കുള്ള മൂന്നു ദിവസത്തെ സന്ദർശനത്തിന്‍റെ ഭാഗമായാണ് മോദി മണിപ്പൂരിലെത്തിയത്. ഐസ്വാൾ സന്ദർശനത്തോടെയാണ് പ്രധാനമന്ത്രി ത്രിദിന സന്ദർശനത്തിന് തുടക്കമിട്ടത്. പ്രധാനമന്ത്രിയുടെ സന്ദർശന സാഹചര്യത്തിൽ മണിപ്പൂരിൽ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സേനകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.