'നിശബ്‌ദരാക്കപ്പെട്ടവരുടെ ശബ്ദം, തലമുറകളുടെ പ്രചോദനം'; എംടിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി | Video
ന്യൂഡല്‍ഹി: എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാള സിനിമയിലും സാഹിത്യമേഖലയിലും ഏറ്റവും ആദരണീയരായ വ്യക്തികളില്‍ ഒരാളായിരുന്നു എംടി വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അതീവ ദു:ഖമുണ്ടെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
'മനുഷ്യവികാരങ്ങളെ ആഴത്തില്‍ പര്യവേക്ഷണം ചെയ്തു കൊണ്ട് രചിക്കപ്പെട്ട അദ്ദേഹത്തിന്‍റെ കൃതികള്‍ തലമുറകളെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിക്കുന്നു. ഇനിയും നിരവധി പേര്‍ക്ക് പ്രചോദനം നല്‍കും. പാർശ്വവത്‌കരിക്കപ്പെട്ടവർക്കും നിശബ്‌ദരാക്കപ്പെട്ടവർക്കും അദ്ദേഹം ശബ്ദം നല്‍കി. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റേയും നാടിന്‍റെയും ദുഖത്തിൽ പങ്കുചേരുന്നു'' - മോദി കുറിച്ചു.
ബുധനാഴ്ച രാത്രി 10 മണിക്കാണ് എംടി വാസുദേവന്‍ നായർ വിട പറഞ്ഞത്. എംടിയുടെ വേർപാടിൽ അനുശോചിച്ച് സംസ്ഥാനത്ത് 2 ദിവസത്തെ ദുഖാചരണം നടത്തും.