
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ സ്വീകരിക്കുന്നു.
ലണ്ടൻ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെയിലെത്തി. ബ്രിട്ടിഷ് തലസ്ഥാനത്തെ ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേൽപ്പ് നൽകി.
സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച് യുകെയുമായി ധാരണയിലെത്തുക എന്നതാണ് മോദിയുടെ സന്ദർശനത്തിലെ പ്രധാന അജൻഡകളിലൊന്ന്. ബ്രിട്ടിഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ അടക്കമുള്ള മുതിർന്ന നേതാക്കളുമായി മോദി നടത്തുന്ന ചർച്ചകളിൽ ഈ വിഷയവും ഉൾപ്പെടും. ചാൾസ് രാജാവുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും.
സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ ശേഷം ഇന്ത്യയിൽ നിന്നു മുങ്ങി യുകെയിൽ അഭയം പ്രാപിച്ചിരിക്കുന്ന വിജയ് മല്യ, ലളിത് മോദി, നീരവ് മോദി എന്നിവരെ വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങളും പ്രധാനമന്ത്രി നടത്തുമെന്നാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നൽകുന്ന സൂചന.
യുകെയിൽ വർധിച്ചുവരുന്ന ഖാലിസ്ഥാൻ ഗ്രൂപ്പുകളുടെ സാന്നിധ്യവും പ്രധാനമന്ത്രി ബ്രിട്ടിഷ് നേതാക്കൾക്കു മുന്നിൽ ഉന്നയിക്കും. ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്കും സ്ഥാപനങ്ങൾക്കുമെതിരേ ഖാലിസ്ഥാൻവാദികൾ സമീപകാലങ്ങളിൽ നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യക്കു മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന യുഎസിന്‍റെയും നാറ്റോയുടെയും ഭീഷണിയുടെ പശ്ചാത്തലത്തിലും മോദിയുടെ ബ്രിട്ടിഷ് സന്ദർശനം നിർണായകമാണ്. ഔദ്യോഗിക അജൻഡകളിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും, അനൗപചാരിക സംഭാഷണങ്ങളിൽ ഈ വിഷയവും ചർച്ച ചെയ്യപ്പെട്ടേക്കും.