സ്വർണം വാങ്ങരുത്, ഇന്ധന ഉപയോഗം കുറയ്ക്കണം, വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം; ആശങ്കയായി പ്രധാനമന്ത്രിയുടെ പുതിയ നിർദേശങ്ങൾ

ഇന്ത്യ നേരിടുന്ന സാമ്പത്തിക സമ്മർദം കുറയ്ക്കാൻ ദൈനംദിന ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്
pm modi economic advice iran-us conflict

PM Narendra Modi

Updated on

ന്യൂഡൽഹി: ആഗോള പ്രതിസന്ധി തുടരുന്നതിനിടെ രാജ്യത്തെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പൗരന്മാർക്ക് മാർഗനിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വദേശയാത്രകളും ആഡംബരത്തിനായി സ്വർണം വാങ്ങിക്കൂട്ടുന്നതും അവസാനിപ്പിക്കണമെന്നും സ്വദേശി ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽണമെന്നും ആഭ്യന്തര വിനോദസഞ്ചാരത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പശ്ചിമേഷ്യയിലെ സംഘർഷം മൂലം എണ്ണ വിതരണം തടസപ്പെടുകയും ആഗോളതലത്തിൽ വില വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി നിർദേശം.

ഇന്ത്യ നേരിടുന്ന സാമ്പത്തിക സമ്മർദം കുറയ്ക്കാൻ ദൈനംദിന ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ ഇന്ത്യയുടെ സാന്പത്തിക സുരക്ഷയെ ബാധിക്കാനുള്ള സാധ്യതകൾ ശക്തമാകുന്നു എന്നതിന്‍റെ സൂചനയായാണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ നിരീക്ഷകർ നോക്കിക്കാണുന്നത്.

ഇന്ധന ഉപയോഗം കുറക്കുന്നതിന്‍റെ ഭാഗമായി വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് (work from home) പ്രോത്സാഹിപ്പിക്കാനും പൊതു ഗതാഗത സംവിധാനങ്ങൾ കൂടുതലായി ഉപയോഗിക്കാനും മോദി നിർദേശിക്കുന്നു. ഭക്ഷ്യ എണ്ണയുടെയും രാസവളങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ ഇറക്കുമതി ചെലവ് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ജീവിതശൈലി സ്വീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യ സ്നേഹം എന്നത് സൈനികരുടെ ത്യാഗത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ഓരോ പൗരന്‍റേയും ദൈനദിന ജീവിതത്തിലെ ഉത്തരവാദിത്വമുള്ള പെരുമാറ്റവും അതിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു.

ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും ഇലക്ട്രിക് വാഹനങ്ങൾ, മെട്രൊ തുടങ്ങിയവ പരമാവധി ഉപയോഗിക്കണമെന്നുമുള്ള മോദിയുടെ ആഹ്വാനം ഇന്ധന വിലക്കൂടുമെന്നതിന്‍റെ സൂചനയായി കണക്കാക്കപ്പെടുന്നു. ഇന്ധന ഉപയോഗത്തിൽ 10 ശതമാനം കുറവുണ്ടായാൽ പോലും രാജ്യത്തിന് പ്രതിദിനം ഏകദേശം 160 കോടി രൂപ ലാഭിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പണം രാജ്യത്തിനകത്ത് തന്നെ ചെലവഴിക്കുന്നതിനായി ദൈനംദിന ഉപയോഗത്തിനായി 'മെയ്ഡ്-ഇൻ-ഇന്ത്യ' ഉൽപ്പന്നങ്ങളും പ്രാദേശികമായി നിർമിച്ച സാധനങ്ങളും തെരഞ്ഞെടുക്കാനാണ് നിർദേശം.

ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിർദേശങ്ങൾ പങ്കുവെച്ചത്. ഹോർമുസ് പ്രതിസന്ധി എന്ന് അവസാനിക്കുമെന്നതിൽ യാതൊരു തീരുമാനവുമില്ലാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം.

logo
Metro Vaartha
www.metrovaartha.com