

ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രിഫ്ളാഗ് ഓഫ് ചെയ്തു
ഹൗറ: ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹൗറയിൽ നിന്ന് ഗുവാഹാട്ടിയിലേക്കുള്ള ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മാൾഡ ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്നും സർവീസ് ആരംഭിച്ചു. വിമാനത്താവളത്തിന് സമാനമായ യാത്രാനുഭവം കുറഞ്ഞ നിരക്കിൽ ദീർഘദൂര യാത്രക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ സ്ലീപ്പർ ട്രെയിൻ ഹൗറ-ഗുവാഹാട്ടി റൂട്ടിലെ യാത്രാസമയം ഏകദേശം 2.5 മണിക്കൂർ കുറയ്ക്കും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ട്രെയിനിൽ ആകെ 16 കോച്ചുകളാണുള്ളത്.
ഇതിൽ 11 എസി ത്രീ-ടയർ കോച്ചുകളും, 4 എസി ടു-ടയർ കോച്ചുകളും, ഒരു ഒന്നാംക്ലാസ് എസി കോച്ചും ഉൾപ്പെടുന്നു.
ആകെ 823 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയുന്ന ഈ ട്രെയിനിൽ സുരക്ഷയ്ക്കായി കവച്, എമർജൻസി ടോക്ക് ബാക്ക് സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. 400 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് എസി ത്രി ടയർ ടിക്കറ്റുകൾക്ക് 960 രൂപ മുതലാണ് ആരംഭിക്കുന്നത്. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളോടെപ്പം പ്രാദേശിക വിഭവങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഗുവാഹാട്ടിയിൽ നിന്നുള്ള യാത്രയിൽ ആസാമി വിഭവങ്ങളും കൊൽക്കത്തയിൽ നിന്നുള്ള യാത്രയിൽ ബംഗാളി വിഭവങ്ങളും വിളമ്പും. മികച്ച കുഷ്യനുകളോട് കൂടിയ ബർത്തുകൾ, ഓട്ടോമാറ്റിക് ഡോറുകൾ, ശബ്ദം കുറഞ്ഞ യാത്ര എന്നിവയാണ് പ്രത്യേക്ത. രാത്രി ഭക്ഷണവും രാവിലത്തെ ചായയും ഉൾപ്പെടുന്ന രാത്രികാല സർവീസാണ് ഉള്ളത്.