
ജോഹാന്നസ്ബർഗ്: ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ ചന്ദ്രയാന്‍ 3 ദൗത്യത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാന്‍ ദൗത്യം വിജയിച്ച നിമിഷം രാജ്യത്തിന് ഏറെ അമൂല്യമാണെന്നും വികസിത ഇന്ത്യയുടെ വിജയാഘോഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിലെത്തിയതാണ് മോദി. അവിടെ വച്ച് വീഡിയോ കോൺഫറന്‍സിങ് വഴി ലാന്‍ഡിങ് വീക്ഷിച്ച ശേഷമാണ് ദൗത്യത്തെ പ്രശംസിച്ച് സന്ദേശം നൽകിയത്.
ചരിത്രമുഹൂർത്തമാണിതെന്നും ഇന്ത്യയുടെ പുതുയുഗത്തിന്‍റെ തുടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
''വലിയ നേട്ടമാണിത്. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ശക്തി വെളിവാക്കുന്ന നിമിഷം'', പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ദൗത്യം വിജയിപ്പിച്ച ഇസ്രോയിലെ ശാസ്ത്രജ്ഞരുടെ സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു.
ദക്ഷിണ ധ്രുവത്തിൽ നമ്മൾ ആദ്യമായി ലാന്‍ഡർ ഇറക്കി. ഇതുവരെ ഒരു രാജ്യവും അവിയെ ലാന്‍ഡർ ഇറക്കിയിട്ടില്ല. മാനവരാശിയുടെ വിജയമാണിത്ത. അമ്പിളിമാമന്‍ വളരെ ദൂരെയാണെന്നാണ് ചെറുപ്പത്തിൽ അമ്മമാർ പറഞ്ഞിരുന്നത്. എന്നാൽ അങ്ങനെയല്ല ചന്ദ്രന്‍ അടുത്താണെന്ന് നമ്മൾ തെളിയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.