സ്വാമി സ്മരണാനന്ദ: വികസിത ഭാരതത്തിന്‍റെ കരുത്തുറ്റ പ്രചോദനം

പ്രധാനമന്ത്രി നരേന്ദ്ര മോദി, എഴുതുന്നു
സ്വാമി സ്മരണാനന്ദ: വികസിത ഭാരതത്തിന്‍റെ കരുത്തുറ്റ പ്രചോദനം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ തിരക്കുകൾക്കിടയിൽ ശ്രീമദ് സ്വാമി സ്മരണാനന്ദ ജി മഹാരാജിന്‍റെ വിയോഗവാർത്ത എന്‍റെ മനസിനെ ഏതാനും നിമിഷങ്ങൾ നിശ്ചലമാക്കി. ശ്രീമദ് സ്വാമി സ്മരണാനന്ദ ജി മഹാരാജ് ഇന്ത്യയുടെ ആത്മീയ ബോധത്തിനു വഴിതെളിച്ച വ്യക്തിയാണ്. വ്യക്തിപരമായ നഷ്ടംകൂടിയാണ് അദ്ദേഹത്തിന്‍റെ വിയോഗം. കുറച്ചു വർഷങ്ങൾക്കുമുമ്പ്, സ്വാമി ആത്മസ്ഥാനാനന്ദ ജിയുടെ വിയോഗവും ഇപ്പോൾ സ്വാമി സ്മരണാനന്ദ ജിയുടെ വിടവാങ്ങലും നിരവധിപേരെ ദുഃഖത്തിലാഴ്ത്തി. രാമകൃഷ്ണമഠത്തിന്‍റെയും മിഷന്‍റെയും കോടിക്കണക്കിനു ഭക്തരുടെയും സന്ന്യാസിമാരുടെയും അനുയായികളുടേതെന്നപോലെ എന്‍റെ ഹൃദയവും ഏറെ ദുഃഖത്തിലാണ്.

ഈ മാസമാദ്യം കൊൽക്കത്ത സന്ദർശിച്ചപ്പോൾ സ്വാമി സ്മരണാനന്ദ ജിയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ ഞാൻ ആശുപത്രിയിൽ പോയിരുന്നു. ആചാര്യ രാമകൃഷ്ണ പരമഹംസർ, ശാരദാദേവി മാതാവ്, സ്വാമി വിവേകാനന്ദൻ എന്നിവരുടെ ആശയങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി സ്വാമി ആത്മസ്ഥാനാനന്ദ ജിയെപ്പോലെ, സ്വാമി സ്മരണാനന്ദ ജിയും തന്‍റെ ജീവിതമാകെ സമർപ്പിച്ചു. ഈ ലേഖനം എഴുതുമ്പോൾ, അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളുടെയും സംഭാഷണങ്ങളുടെയും ഓർമകൾ എന്‍റെ മനസിൽ നവോന്മേഷം പകരുകയാണ്.

2020 ജനുവരിയിൽ, ബേലൂർ മഠത്തിൽ താമസിച്ച സമയത്ത്, ഞാൻ സ്വാമി വിവേകാനന്ദന്‍റെ മുറിയിൽ ധ്യാനിച്ചിരുന്നു. ആ സന്ദർശനവേളയിൽ, സ്വാമി സ്മരണാനന്ദജിയുമായി സ്വാമി ആത്മസ്ഥാനാനന്ദജിയെക്കുറിച്ചു ഞാൻ ഏറെ നേരം സംസാരിച്ചു.

രാമകൃഷ്ണ മിഷനുമായും ബേലൂർ മഠവുമായും എനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഏവർക്കും അറിയാം. ആത്മീയതയുടെ അന്വേഷകൻ എന്ന നിലയിൽ, അഞ്ചു പതിറ്റാണ്ടിലേറെയായി ഞാൻ വിവിധ സന്ന്യാസിമാരെയും മഹാത്മാക്കളെയും കണ്ടുമുട്ടുകയും നിരവധി സ്ഥലങ്ങളിൽ പോകുകയും ചെയ്തിട്ടുണ്ട്. രാമകൃഷ്ണ മഠത്തിലും സ്വാമി ആത്മസ്ഥാനാനന്ദ ജി, സ്വാമി സ്മരണാനന്ദ ജി തുടങ്ങി ആത്മീയതയ്ക്കായി ജീവിതം സമർപ്പിച്ച നിരവധി സന്ന്യാസിമാരെക്കുറിച്ചു ഞാൻ മനസിലാക്കി. അവരുടെ പവിത്രമായ ചിന്തകളും അറിവുകളും എന്‍റെ മനസിനു സംതൃപ്തിയേകി. എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടത്തിൽ, അതുപോലെയുള്ള സന്ന്യാസിമാർ ""ജൻ സേവാ ഹി പ്രഭു സേവ'' എന്ന യഥാർഥ തത്വം എന്നെ പഠിപ്പിച്ചു. രാമകൃഷ്ണ മിഷന്‍റെ ""ആത്മനോ മോക്ഷാർഥം ജഗദ്ധിതായ ച'' എന്ന ആപ്തവാക്യത്തിന്‍റെ മായാത്ത ഉദാഹരണമാണു സ്വാമി ആത്മസ്ഥാനാനന്ദജിയുടെയും സ്വാമി സ്മരണാനന്ദജിയുടെയും ജീവിതം.

വിദ്യാഭ്യാസത്തിന്‍റെയും ഗ്രാമ വികസനത്തിന്‍റെയും പ്രോത്സാഹനത്തിനായി രാമകൃഷ്ണ മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ നമുക്കേവർക്കും പ്രചോദനമാണ്. രാമകൃഷ്ണ മിഷൻ ഇന്ത്യയുടെ ആത്മീയ പ്രബുദ്ധത, വിദ്യാഭ്യാസ ശാക്തീകരണം, മാനുഷിക സേവനം എന്നിവയ്ക്കായി പ്രവർത്തിക്കുന്നു. 1978ൽ ബംഗാളിൽ മഹാപ്രളയം ഉണ്ടായപ്പോൾ രാമകൃഷ്ണ മിഷൻ നിസ്വാർഥ സേവനത്തിലൂടെ ഏവരുടെയും ഹൃദയം കീഴടക്കി. 2001ൽ കച്ചിൽ ഭൂകമ്പം ഉണ്ടായപ്പോൾ, രാമകൃഷ്ണ മിഷന്‍റെ പേരിൽ ദുരന്ത നിവാരണത്തിനു സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്ത ആദ്യ വ്യക്തികളിൽ ഒരാളാണു സ്വാമി ആത്മസ്ഥാനാനന്ദ ജി. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ രാമകൃഷ്ണ മിഷൻ ദു‌രിതബാധിതരായ നിരവധി പേരെ സഹായിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ, സ്വാമി ആത്മസ്ഥാനാനന്ദജിയും സ്വാമി സ്മരണാനന്ദജിയും വിവിധ സ്ഥാനങ്ങൾ വഹിക്കുമ്പോൾ, സാമൂഹ്യ ശാക്തീകരണത്തിനു വലിയ ഊന്നൽ നൽകി. ആധുനിക വിദ്യാഭ്യാസം, നൈപുണ്യ വികസനം, സ്ത്രീശാക്തീകരണം എന്നിവ ഈ സന്ന്യാസിമാർ എത്രമാത്രം പ്രാധാന്യത്തോടെയാണു കണ്ടിരുന്നത് എന്നത് ഈ മഹദ്‌വ്യക്തികളുടെ ജീവിതം അറിയുന്നവർ തീർച്ചയായും ഓർക്കും.

അദ്ദേഹത്തിന്‍റെ പ്രചോദനാത്മകമായ നിരവധി സ്വഭാവങ്ങളിൽ, എന്നെ ഏറ്റവും ആകർഷിച്ച കാര്യം എല്ലാ സംസ്കാരങ്ങളോടും എല്ലാ പാരമ്പര്യങ്ങളോടും സ്വാമി ആത്മസ്ഥാനന്ദജിക്കുള്ള സ്നേഹവും ബഹുമാനവുമായിരുന്നു. തുടർച്ചയായി യാത്ര ചെയ്ത്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ദീർഘകാലം ചെലവഴിച്ചതാണ് ഇതിനു കാരണം. ഗുജറാത്തിൽ താമസിക്കുമ്പോഴാണ് അദ്ദേഹം ഗുജറാത്തി സംസാരിക്കാൻ പഠിച്ചത്. അദ്ദേഹം ഗുജറാത്തി ഭാഷയിൽ എന്നോടു സംസാരിക്കാറുണ്ടായിരുന്നു, അദ്ദേഹം ഗുജറാത്തി സംസാരിക്കുന്നതു കേൾക്കാൻ എനിക്ക് ഇഷ്ടമായിരുന്നു!

ഇന്ത്യയുടെ വികസന യാത്രയുടെ വിവിധഘട്ടങ്ങളിൽ, സാമൂഹ്യ മാറ്റത്തിന്‍റെ ജ്വാല തെളിച്ച സ്വാമി ആത്മസ്ഥാനാനന്ദ ജി, സ്വാമി സ്മരണാനന്ദ ജി തുടങ്ങിയ നിരവധി സംന്യാസിമാരും ദാർശനികരും നമ്മുടെ മാതൃരാജ്യത്തെ അനുഗ്രഹിച്ചിട്ടുണ്ട്. കൂട്ടായ മനോഭാവത്തോടെ പ്രവർത്തിക്കാനും നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന എല്ലാ വെല്ലുവിളികളെയും നേരിടാനും അവർ ഞങ്ങളെ പ്രേരിപ്പിച്ചു. ഈ തത്വങ്ങൾ ശാശ്വതമാണ്. അമൃതകാലത്തു വികസി‌ത ഭാരതം കെട്ടിപ്പടുക്കുമ്പോൾ നമ്മുടെ ശക്തിയുടെ ഉറവിടമായി ഇതു പ്രവർത്തിക്കും.

ഒരിക്കൽകൂടി, മുഴുവൻ രാജ്യത്തിന്‍റെയും പേരിൽ, അത്തരത്തിലുള്ള വിശുദ്ധാത്മാക്കൾക്കു ഞാൻ പ്രണാമം അർപ്പിക്കുന്നു. അവർ തെളിച്ച വഴിയിലൂടെ രാമകൃഷ്ണ മിഷനുമായി ബന്ധപ്പെട്ട എല്ലാവരും മുന്നോട്ടുപോകുമെന്ന് എനിക്കുറപ്പുണ്ട്.

ഓം ശാന്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com