ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കിയതിൽ പുടിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി; യുക്രെയ്‌ൻ യുദ്ധത്തിൽ പരോക്ഷ വിമർശനം

യുക്രെയ്‌ൻ യുദ്ധത്തിന്‍റെ പേരിൽ പടിഞ്ഞാറൻ ലോകം ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന പുടിനെ മോദി പ്രശംസിച്ചു
pm modi russia visit
Narendra Modi

മോസ്കോ: ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്താണു റഷ്യയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിഡന്‍റ് വ്ലാദിമിർ പുടിനു കീഴിൽ രണ്ടു പതിറ്റാണ്ടിനിടെ റഷ്യയും ഇന്ത്യയുമായുള്ള സൗഹൃദവും ഉഭയകക്ഷി ബന്ധവും കരുത്താർജിച്ചു. ഇന്ത്യയുടെ ഏറ്റവും പഴയ സുഹൃത്തായ റഷ്യയുമായുള്ള ബന്ധം പരസ്പര വിശ്വാസത്തിന്‍റെയും ബഹുമാനത്തിന്‍റെയും കരുത്തുറ്റ സ്തംഭത്തിലാണു പടുത്തുയർത്തിയിരിക്കുന്നതെന്നും മോദി പറഞ്ഞു.

റഷ്യ സന്ദർശനത്തിന്‍റെ രണ്ടാം ദിനം മോസ്കോയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. യുക്രെയ്‌ൻ യുദ്ധത്തിന്‍റെ പേരിൽ പടിഞ്ഞാറൻ ലോകം ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന പുടിനെ പ്രശംസിച്ച മോദി, സ്വാധീനാധിഷ്ഠിത ലോകക്രമമാണ് പതിറ്റാണ്ടുകളായി നിലനിൽക്കുന്നതെന്ന വിമർശനമുയർത്തി. ഒത്തുചേരലിന്‍റെ ലോകക്രമമാണ് ഇപ്പോൾ ആവശ്യം. ഇന്ത്യ മുന്നോട്ടുവയ്ക്കുന്നതും ഇതുതന്നെയാണെന്നും രൂപംകൊള്ളുന്ന ബഹുധ്രുവ ലോകത്തിൽ ഇന്ത്യ കരുത്തുറ്റ സ്തംഭമായി മാറിക്കൊണ്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു.

അതേസമയം, യുക്രെയ്‌ൻ യുദ്ധത്തെയും പ്രധാനമന്ത്രി പരോക്ഷമായി പരാമർശിച്ചു. ഇന്ത്യ, സമാധാനം, ചർച്ച, നയതന്ത്രം എന്നിവയെക്കുറിച്ചു പറയുമ്പോൾ ലോകം കാതോർത്തിരിക്കുന്നു. റഷ്യയെക്കുറിച്ചു പറയുമ്പോൾ ഏത് ഇന്ത്യക്കാരന്‍റെയും മനസിൽ ആദ്യം വരുന്നത് ഏതു കാലത്തെയും സുഹൃത്ത് എന്നതാണ്. എന്നും വിശ്വസിക്കാവുന്ന സുഹൃത്തുമാണ് ഇന്ത്യയ്ക്ക് റഷ്യ. ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കിയതിന് പുടിനോടു പ്രത്യേകം നന്ദിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇതെന്‍റെ ആറാം റഷ്യ സന്ദർശനമാണ്. പുടിനുമായി പതിനേഴാമത്തെ കൂടിക്കാഴ്ചയാണ്. എല്ലാ കൂടിക്കാഴ്ചകളും പരസ്പര ബഹുമാനവും ആദരവും വർധിപ്പിച്ചിട്ടേയുള്ളൂ. റഷ്യയിൽ ഇന്ത്യ രണ്ടു കോൺസുലേറ്റുകൾ കൂടി തുറക്കുമെന്നു പറഞ്ഞ മോദി ഇന്ത്യയും റഷ്യയും തമ്മിലുള്ള സാംസ്കാരിക വിനിമയങ്ങളും എടുത്തു പറഞ്ഞു. നടൻ മിഥുൻ ചക്രവർത്തിക്ക് റഷ്യയിൽ ഏറെ ആരാധകരുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയുടെ വികസനത്തെക്കുറിച്ചും വിശദീകരിച്ചു.

ഇന്ത്യ-റഷ്യ ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രവാസികളും വലിയ സംഭാവന നൽകിയിട്ടുണ്ട്. മൂന്നാം തവണ പ്രധാനമന്ത്രിയായശേഷം ആദ്യം അവരെ അഭിസംബോധന ചെയ്യാനായത് ഏറെ സന്തോഷം നൽകുന്നു.

കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഇത് എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റുകയാണു സർക്കാരിന്‍റെ ലക്ഷ്യം. ആഗോള വളർച്ചയുടെ ഗണ്യമായ ശതമാനം വരുന്ന ഇന്ത്യയുടെ സാമ്പത്തിക വളർച്ച; ഡിജിറ്റൽ – ഫിൻടെക് മുന്നേറ്റം; ഹരിത വികസന നേട്ടങ്ങൾ; സാധാരണക്കാരെ ശാക്തീകരിക്കുന്ന ഫലപ്രദമായ സാമൂഹിക-സാമ്പത്തിക പരിപാടികൾ എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. 140 കോടി ഇന്ത്യക്കാരുടെ അർപ്പണബോധവും പ്രതിബദ്ധതയും സംഭാവനയും കാരണമാണ് ഇന്ത്യയുടെ പരിവർത്തനവിജയം സംഭവിച്ചത്. അവരിൽ ഓരോരുത്തരും ഇന്ന് ഇന്ത്യ വികസിത രാജ്യമാകുന്നതു സ്വപ്നം കാണുന്നു. കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നതുമുതൽ സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെയുള്ള പ്രതിജ്ഞാബദ്ധമായ ശ്രമങ്ങളിലൂടെ ഇന്ത്യ, ആഗോള അഭിവൃദ്ധിയിലേക്ക് വിശ്വബന്ധു അഥവാ ലോകത്തിന്‍റെസുഹൃത്ത് എന്ന നിലയിൽ, ഗണ്യമായ സംഭാവനകൾ നൽകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റഷ്യയുമായി കൂടുതൽ കരുത്തുറ്റതും ആഴമേറിയതുമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിൽ തുടർന്നും സജീവ പങ്കുവഹിക്കാൻ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തോട് ആഹ്വാനം ചെയ്തു. കസാനിലും എകാറ്റെറിൻബർഗിലും രണ്ട് പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ തുറക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ടെന്നും, ഇതു ജനങ്ങൾ തമ്മിലുള്ള ബന്ധത്തിനു കൂടുതൽ ഉത്തേജനം പകരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വൻ കരഘോഷത്തോടെയാണ് ഈ പ്രഖ്യാപനം സ്വീകരിക്കപ്പെട്ടത്.

Trending

No stories found.

Latest News

No stories found.