
file image
കോൽക്കത്ത: പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 130-ാം ഭേദഗതി പ്രകാരമുള്ള ഭരണഘടന ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിർത്ത സംഭവത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കോൽക്കത്തയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യ്ത് സംസാരിക്കുന്നതിനിടെയാണ് മോദി വിമർശനം ഉന്നയിച്ചത്.
തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഉൾപ്പെടെയുള്ള പ്രതിപക്ഷ ഇന്ത്യാ സഖ്യം അഴിമതിക്കാരായ നേതാക്കളെ സംരക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
അഴിമതി കുറ്റത്തിന് ജയിലിലായിട്ടും രണ്ട് ടിഎംസി മന്ത്രിമാർ തങ്ങളുടെ സ്ഥാനങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായില്ല. അധ്യാപക നിയമന, റേഷൻ വിതരണ അഴിമതികളിൽ യഥാക്രമം അറസ്റ്റിലായ മുൻ മന്ത്രിമാരായ പാർത്ഥ ചാറ്റർജിയെയും ജ്യോതി പ്രിയ മല്ലിക്കിനെയും ലക്ഷ്യം വച്ചായിരുന്നു ഈ പരാമർശം.
"അഴിമതിക്കാരനായ ഒരു മുഖ്യമന്ത്രിയെയോ പ്രധാനമന്ത്രിയെയോ പോലും 30 ദിവസം ജയിലിൽ കഴിഞ്ഞാൽ പുറത്താക്കാൻ വ്യവസ്ഥ ചെയ്യുന്ന ഒരു നിയമം കൊണ്ടുവരാൻ ഞങ്ങൾ തീരുമാനിച്ചു. എന്നാൽ ഇതിനെതിരേ ടിഎംസി, കോൺഗ്രസ് പ്രതിഷേധിക്കാൻ തുടങ്ങി. സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടിവരുമെന്ന് അവർ ഭയപ്പെടുന്നതിനാൽ അവർ രോഷാകുലരാണ്''
മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പരാമർശിച്ചുകൊണ്ട് "ജയിലിൽ പോയതിനുശേഷം ഒരു മുഖ്യമന്ത്രി പോലും അവിടെ നിന്ന് സർക്കാർ നടത്തുന്നത് ലജ്ജാകരമാണ്." എന്ന് മോദി പറഞ്ഞു.അഴിമതി ആരോപണങ്ങളിൽ അറസ്റ്റിലായവർക്ക് എങ്ങനെ സർക്കാരിന്‍റെ ഭാഗമാകാനും അവരുടെ പദവികളിൽ തുടരാനും കഴിയും? ഇത് ഈ സർക്കാർ അനുവദിക്കില്ലെന്നും മോദി പറഞ്ഞു.