പ്രധാനമന്ത്രി പ്രയാഗ്‌രാജിൽ; ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി | Video

ജനുവരി 13ന് തുടങ്ങിയ മഹാകുംഭമേളയിൽ ഇതുവരെ 37.50 കോടി പേരാണു സ്നാനം നടത്തിയത്.

ന്യൂഡൽഹി: മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്‌രാജിലെ ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം പ്രയാഗ്‌രാജിലെത്തിയിരുന്നു. രാവിലെ 11 മണിയോടെയാണ് മഹാകുംഭ മേളയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി എത്തിയത്. ഇതിനു മുന്നോടിയായി പ്രയാഗ്‌രാജിൽ സുരക്ഷ ശക്തമാക്കിയിരുന്നു.

നരേന്ദ്ര മോദിയും യോഗിയും ഗംഗയിലൂടെ ബോട്ട് യാത്ര ചെയ്താണ് സ്നാനത്തിന് എത്തിയത്. സ്നാനത്തിനു ശേഷം സന്ന്യാസിമാരുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി 12.30ന് ഡൽഹിയിലേക്കു മടങ്ങും. 2 മാസത്തിനിടെ പ്രയാഗ്‌രാജിൽ പ്രധാനമന്ത്രിയുടെ രണ്ടാം സന്ദർശനമാണിത്. നേരത്തേ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഉൾപ്പെടെ പ്രമുഖർ മഹാ കുംഭമേളയിൽ സ്നാനം നടത്തിയിരുന്നു.

ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നംഗ്യാൽ വാങ്ചുക്കും ചൊവ്വാഴ്ച മഹാ കുംഭമേളയിൽ പങ്കെടുത്തു. യോഗി ആദിത്യനാഥിനൊപ്പം ത്രിവേണിയിൽ സ്നാനം നടത്തിയ അദ്ദേഹം സൂര്യദേവന് ജലാർപ്പണം നടത്തി. ഭൂട്ടാൻ പാരമ്പര്യത്തിലുള്ള വേഷത്തിൽ വിമാനമിറങ്ങിയ വാങ്ചുക്ക് കാവി നിറത്തിലുള്ള കുർത്തയും പൈജാമയും ധരിച്ചാണ് സ്നാനം നടത്തിയത്. യുപി മന്ത്രിമാരായ സ്വതന്ത്ര ദേവ് സിങ്, നന്ദ് ഗോപാൽ ഗുപ്ത തുടങ്ങിയവരും വൈഷ്ണവ സന്ന്യാസി ജഗദ്ഗുരു സന്തോഷ് ദാസ് മഹാരാജും രാജാവിനൊപ്പം സ്നാനം നടത്തി. ജനുവരി 13ന് തുടങ്ങിയ മഹാകുംഭമേളയിൽ ഇതുവരെ 37.50 കോടി പേരാണു സ്നാനം നടത്തിയത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com