തെരഞ്ഞെടുപ്പ് അവസാനഘട്ടം: ധ്യാനത്തിനായി പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക്

നാളെ വൈകിട്ട് വിവേകാനന്ദ സ്മാരകത്തിലെത്തും
pm modi to Kanyakumari for meditation
തെരഞ്ഞെടുപ്പ് അവസാനഘട്ടം: ധ്യാനത്തിനായി പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് file image

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനു കന്യാകുമാരിയിലേക്ക്. നാളെയാണ് അവസാനഘട്ടം തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം സമാപിക്കുന്നത്. ഇതിനുശേഷം വൈകിട്ട് കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി ജൂൺ ഒന്നിന് വൈകുന്നേരം വരെ വിവേകാനന്ദ സ്മാരകത്തിലെ ധ്യാനമണ്ഡപത്തിൽ തുടരും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണം സമാപിച്ചപ്പോൾ മോദി കേദാർനാഥിലെ ഗുഹയിൽ ധ്യാനം നടത്തിയിരുന്നു. ജൂൺ ഒന്നിനാണ് അവസാനഘട്ടം വോട്ടെടുപ്പ്. നാലിനു വോട്ടെണ്ണൽ.

ആത്മീയ ഉപാസനയ്ക്ക് കന്യാകുമാരി തെരഞ്ഞെടുക്കാനുള്ള മോദിയുടെ തീരുമാനം രാജ്യത്തെക്കുറിച്ചു സ്വാമി വിവേകാനന്ദന്‍റെ കാഴ്ചപ്പാടുകളോടുളള പ്രതിബദ്ധതയാണു കാണിക്കുന്നതെന്നു ബിജെപി നേതൃത്വം.

ഗൗതമബുദ്ധന്‍റെ ജീവിതത്തിൽ സാരനാഥിനുള്ള സ്ഥാനം പോലെ വിവേകാനന്ദന്‍റെ ജീവിതത്തിൽ നിർണായകമായ പാറയാണു കന്യാകുമാരിയിൽ മോദി ധ്യാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഈ പാറയിൽ മൂന്നു ദിവസം നീണ്ടു നിന്ന ധ്യാനമായിരുന്നു വികസിത ഇന്ത്യയെക്കുറിച്ചു സ്വാമി വിവേകാനന്ദന്‍റെ കാഴ്ചപ്പാട് രൂപപ്പെടുത്തിയതെന്നും ഇതേപാതയിൽ ഇന്ത്യയെ രൂപപ്പെടുത്താൻ പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധനാണെന്നും ബിജെപി നേതൃത്വം. ഭഗവാൻ ശിവനെ ധ്യാനിച്ച് പാർവതീദേവിയിരുന്ന ഇടമാണ് ഈ പാറയെന്നു പുരാണങ്ങളിൽ പറയുന്നുണ്ടെന്നും ബിജെപി നേതൃത്വം വിശദീകരിച്ചു. കന്യാകുമാരിയിലിരുന്ന രാജ്യത്തിന്‍റെ ഐക്യത്തെക്കുറിച്ചും തമിഴ്നാടിനോടുള്ള അടുപ്പത്തെക്കുറിച്ചും സന്ദേശം നൽകാനാണ് മോദി ആഗ്രഹിക്കുന്നതെന്നും ഒരു മുതിർന്ന നേതാവ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.