

file image
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മധുരയിലെ പ്രശസ്തമായ തിരുപ്പറങ്കുണ്ട്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തമിഴ്നാട്ടിൽ നിരവധി വികസന പദ്ധതികൾക്കു തുടക്കം കുറിക്കുന്നതിന്‍റെ ഭാഗമായുള്ള സന്ദർശനത്തിലാണു തിരുപ്പറങ്കുണ്ട്രം ക്ഷേത്രവും ഇടംപിടിച്ചത്. ശനിയാഴ്ച രാത്രി ചെന്നൈയിലെത്തുന്ന പ്രധാനമന്ത്രി ഔദ്യോഗിക പരിപാടികൾക്കുശേഷം വൈകിട്ട് മൂന്നിനാകും മധുരയിലെത്തുക. നാലിനാണു ക്ഷേത്ര ദർശനം.
കാർത്തികദീപം കൊളുത്തുന്നതിനെച്ചൊല്ലിയുള്ള വിവാദത്തിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശനം. കഴിഞ്ഞ കാർത്തിക ഉത്സവത്തിന് തിരുപ്പറങ്കുണ്ട്രം മലമുകളിലെ ദീപത്തൂണിൽ ദീപം തെളിക്കുന്നത് സർക്കാർ തടയുകയും പിന്നീട് കോടതി അനുമതി നൽകുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലിയുള്ള കേസിൽ തമിഴ്നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച മദ്രാസ് ഹൈക്കോടതി തിരുപ്പറങ്കുണ്ട്രം മല പൂർണമായും ക്ഷേത്രത്തിന്‍റേതാണെന്നും മലമുകളിലെ ദർഗയുൾപ്പെടെ ചുരുങ്ങിയ സ്ഥലത്തു മാത്രമേ മുസ്‌ലിം വിഭാഗത്തിന് അവകാശമുള്ളൂ എന്നും വിധിച്ചിരുന്നു. കൂടാതെ മലയിൽ സസ്യേതര ഭക്ഷണവും മൃഗബലിയുമടക്കമുള്ളവ പാടില്ലെന്നും വ്യക്തമാക്കി.
സംസ്ഥാനത്ത് ഹിന്ദു സംഘടനകൾക്കു പിന്തുണ നൽകിയ ബിജെപി ഇതൊരു രാഷ്‌ട്രീയ വിഷയമായി ഉയർത്തിയിരിക്കെയാണ് പ്രധാനമന്ത്രിയെത്തുന്നത്. തുടർന്ന് അദ്ദേഹം മധുരയിൽ എൻഡിഎ റാലിയെ അഭിസംബോധന ചെയ്യും.
മലമുകളിൽ ദീപം തെളിക്കണമെന്ന ആവശ്യമുയർത്തി മാഘനക്ഷത്രവും വെളുത്തവാവും ചേർന്നു വരുന്ന നാളെ തിരുപ്പറങ്കുണ്ട്രം മലയ്ക്കു ചുറ്റും ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്‍റെ നേതൃത്വത്തിൽ പ്രദക്ഷിണം പ്രഖ്യാപിച്ചിട്ടുണ്ട്.