
നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും
file image
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. സെപ്റ്റംബർ അവസാനം ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കാനാണ് മോദി അമെരിക്കയിലെത്തുമെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് വിശദീകരണം.
ഇന്ത്യ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിശദീകരണം. നിലവിലെ സാഹചര്യത്തിൽ അത്തരമൊരു ചർച്ച അപ്രസക്തമാമെന്നും വ്യത്തങ്ങൾ വ്യക്തമാക്കി. യുഎസ് ഇന്ത്യക്കുമേൽ അധിക തീരുവ ചുമത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമായിരിക്കെയാണ് മോദി അമെരിക്കയിലെത്തും ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നുമുള്ള വാർത്തകൾ പുറത്തു വന്നത്.
യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യാൻ സാധ്യതയുള്ള രാഷ്ട്രത്തലവന്മാരുടെയും സർക്കാർ തലവന്മാരുടെയും ഷെഡ്യൂളിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയതും ന്യൂയോർക്കിൽ നടക്കുന്ന സെഷന്‍റെ ഇടവേളയിൽ മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള യുക്രെനിയൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കിയുടെ പരാമർശവും യുഎസ് സന്ദർശന സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി.