

ന്യൂഡൽഹി: ഇന്ത്യൻ ഭരണകൂടത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നവർക്ക് ദേശീയ ഐക്യത്തെയോ ഭരണഘടനയെയോ വിലമതിക്കാൻ കഴിയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശകാര്യത്തെക്കുറിച്ചു പറഞ്ഞാൽ മാത്രമേ പക്വതയുണ്ടാകൂ എന്നാണു ചിലരുടെ ധാരണ. എന്നാൽ, ഇവർ ആദ്യം വിദേശകാര്യത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കുകയാണു വേണ്ടതെന്നും പ്രധാനമന്ത്രി. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുമ്പോഴാണു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ ആക്രമണവും പരിഹാസവും.
രാഷ്‌ട്രപതിക്കെതിരേ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വിവാദ പരാമർശവും എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരായ അഴിമതിയാരോപണവുമടക്കം വിഷയങ്ങൾ ഉൾപ്പെടുത്തിയ മറുപടിയിൽ താൻ ഉടൻ വിരമിക്കില്ലെന്ന സൂചനയും പ്രധാനമന്ത്രി നൽകി. രാഹുൽ ഗാന്ധി പതിവായി ഉന്നയിക്കുന്ന ജാതി സെൻസസിനെ ലക്ഷ്യമിട്ട് ഏതെങ്കിലും പട്ടികജാതി- പട്ടികവർഗ കുടുംബത്തിൽ നിന്നുള്ള മൂന്നു പേർ ഒരുമിച്ചു പാർലമെന്‍റിൽ അംഗങ്ങളായിട്ടുണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
ദുർബല വിഭാഗങ്ങളെ കേന്ദ്ര സർക്കാർ അവഗണിച്ചെന്നതുൾപ്പെടെ നന്ദിപ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്കെല്ലാം മറുപടി നൽകുന്നതായിരുന്നു പ്രധാനമന്ത്രിയുടെ 95 മിനിറ്റ് നീണ്ട പ്രസംഗം. ചിലരുടെ പ്രവൃത്തിയും പ്രസംഗവും തമ്മിൽ ഭൂമിയും ആകാശവും പകലും രാത്രിയും പോലെയാണു ബന്ധം. പരസ്യമമായി അർബൻ നക്സലുകളുടെ ഭാഷ സംസാരിക്കുകയും ഭരണകൂടത്തിനെതിരേ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുന്നർക്ക് ഭരണഘടന എങ്ങനെ മനസിലാകും. അവർക്ക് രാജ്യത്തിന്‍റെ ഐക്യത്തെക്കുറിച്ച് അറിയാനാകുമോ. കഴിഞ്ഞ മാസം കോൺഗ്രസ് ആസ്ഥാനം ഉദ്ഘാടനം ചെയ്യുമ്പോൾ തന്‍റെ പോരാട്ടം ഭരണകൂടത്തിനെതിരേയാണെന്നു പറഞ്ഞ രാഹുലിനെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ചോദിച്ചു.
ചിലർക്ക് ജാതിയെക്കുറിച്ചു പറയുന്നതാണു ഫാഷൻ. എന്‍റെ സർക്കാർ സമൂഹത്തിൽ ഒരു ഭിന്നതയുമുണ്ടാക്കാതെയും എല്ലാവരെയും ഒരുമിച്ചു നിർത്തിയുമാണ് ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുന്നത്. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ മെഡിക്കൽ സീറ്റുകൾ യഥാക്രമം 7700ൽ നിന്ന് 17000, 3800ൽ നിന്ന് 9000, 14000ൽ നിന്ന് 32000 എന്ന രീതിയിൽ ഉയർത്തി. മെഡിക്കൽ കോളെജുകൾ 387ൽ നിന്ന് 780 ആയി. ക്ഷേമപദ്ധതികളിലെ 10 കോടി വ്യാജന്മാരെ ഒഴിവാക്കി മൂന്നു ലക്ഷം കോടി രൂപ ലാഭമുണ്ടാക്കി. ഇതു രാഷ്‌ട്ര നിർമാണത്തിനാണ് ഉപയോഗിച്ചത്. അല്ലാതെ ശീഷ്മഹൽ നിർമിക്കാനല്ല. അരവിന്ദ് കെജ്‌രിവാളിന്‍റെ വസതി മോടിപിടിപ്പിക്കലിനെ പരാമർശിച്ചു മോദി പറഞ്ഞു.
രാഷ്‌ട്രപതിക്കെതിരേ സോണിയ നടത്തിയ പരാമർശത്തെ ഓർമിപ്പിച്ച പ്രധാനമന്ത്രി പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ളവരെ അപമാനിക്കുന്നത് ചിലരുടെ ചിന്താഗതിയുടെ ഭാഗമാണെന്നും കുറ്റപ്പെടുത്തി. വിദേശകാര്യത്തെക്കുറിച്ചു പറഞ്ഞാലേ പക്വതയുണ്ടാകൂ എന്നാണ് ചിലരുടെ ധാരണ. അവർ ആദ്യം "ജെഎഫ്കെസ് ഫൊർഗോട്ടൻ ക്രൈസിസ്' എന്ന പുസ്കം വായിക്കണമെന്നും പ്രധാനമന്ത്രി. ടിബറ്റ്, സിഐഎ, ഇന്ത്യ- ചൈന യുദ്ധം എന്നിവയെക്കുറിച്ച് സിഐഎയുടെ മുൻ ഏജന്‍റ് ബ്രൂസ് റിഡൽ എഴുതിയ പുസ്തകത്തിൽ ഇന്ത്യ ജവഹർ ലാൽ നെഹ്റുവിനു സംഭവിച്ച വീഴ്ചകളെക്കുറിച്ചു പരാമർശമുണ്ട്.
അഞ്ച് പതിറ്റാണ്ട് കൊണ്ട് നാം കേള്‍ക്കുന്ന കോണ്‍ഗ്രസിന്‍റെ ഗരിബീ ഹഠാവോ മുദ്രാവാക്യം എവിടെയെന്ന് പരിഹസിക്കാനും മോദി മറന്നില്ല. ചിലര്‍ ദരിദ്രരുടെ വീട്ടില്‍ പോയി ഫോട്ടൊസെഷന്‍ നടത്തുന്നു. ചിലര്‍ക്ക് വീട് മോടി പിടിക്കുന്നതിലാണ് ശ്രദ്ധ. എന്നാൽ, ഈ സർക്കാരിന്‍റെ ലക്ഷ്യം രാഷ്‌ട്ര നിർമാണമാണെന്നും മോദി പറഞ്ഞു.