പ്രധാനമന്ത്രിക്ക് ഇനി പുതിയ അഡ്രസ്; ഓഫിസ് സേവാ തീർഥിലേക്ക് മാറ്റി

സ്വാതന്ത്ര്യം നേടിയതു മുതൽ സൗത്ത് ബ്ലോക്കിലായിരുന്നു പ്രധാനമന്ത്രിയുടെ ഓഫിസ്
pm narendra modi office inaguration

പ്രധാനമന്ത്രിക്ക് ഇനി പുതിയ അഡ്രസ്; ഓഫിസ് സേവാ തീർഥിലേക്ക് മാറ്റി

Updated on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസ് (പിഎംഒ) സെൻട്രൽ വിസ്റ്റയിലെ പുതിയ കെട്ടിടത്തിലേക്കു മാറും. വെള്ളിയാഴ്ച ഓഫിസ് ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യം നേടിയതു മുതൽ സൗത്ത് ബ്ലോക്കിലായിരുന്നു പ്രധാനമന്ത്രിയുടെ ഓഫിസ്. ഇതാണ് ‘സേവാ തീർഥ്’ എന്ന പുതിയ മന്ദിരത്തിലേക്കു മാറ്റുന്നത്.

ഉച്ചയ്ക്ക് 1.30നു പ്രധാനമന്ത്രി നരേന്ദ്ര മോദി പേര് അനാഛാദനം ചെയ്യും. തുടർന്നു സേവാ തീർഥും വിവിധ മന്ത്രാലയങ്ങളുടെ ഓഫിസുകൾ ഉൾക്കൊള്ളുന്ന കർത്തവ്യ ഭവൻ 1, 2 കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യും. സെൻട്രൽ വിസ്റ്റയിൽ പ്രധാനമന്ത്രിയുടെ ഓഫിസിനൊപ്പം കാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, ഇന്ത്യ ഹൗസ് എന്നിവയുടെ ഓഫിസുകളും ഉണ്ടാകും.

ഉന്നതതല ചർച്ചകൾ നടത്തുന്നതിനും വിശിഷ്ടാതിഥികളെ സ്വീകരിക്കാനുമുള്ള സ്ഥലമായിരിക്കും ഇന്ത്യാ ഹൗസ്. ധനം, പ്രതിരോധം, ആരോഗ്യം, കോർപറേറ്റ്, വിദ്യാഭ്യാസം, സാംസ്കാരികം, നിയമം, വാർത്താ വിതരണം- പ്രക്ഷേപണം, കൃഷി, രാസവസ്തു- വളം, ഗോത്രകാര്യം തുടങ്ങിയ മന്ത്രാലയങ്ങളാണ് കർത്തവ്യ ഭവൻ 1, 2 കെട്ടിടങ്ങളിൽ പ്രവർത്തിക്കുക.

9 കെട്ടിട സമുച്ചയങ്ങൾ ഉൾപ്പെടുന്ന സെൻട്രൽ സെക്രട്ടേറിയറ്റിൽ ആദ്യം പൂർത്തിയായ കർത്തവ്യ ഭവൻ 3 കഴിഞ്ഞ ഓഗസ്റ്റിലാണു തുറന്നത്. ആഭ്യന്തരം, വിദേശകാര്യം, ഗ്രാമവികസനം, പെട്രോളിയം–പ്രകൃതിവാതകം എന്നീ മന്ത്രാലയങ്ങളാണ് ഇതിലുള്ളത്.

logo
Metro Vaartha
www.metrovaartha.com