

നുഴഞ്ഞുകയറ്റക്കാരെ തുരത്തും: അമിത് ഷാ
file photo
ഹരിദ്വാർ: പൗരത്വ ഭേദഗതി നിയമം (സിഎഎ) പ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച പാകിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും വരുന്ന ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ എന്നിവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ തന്നെ ഇന്ത്യയിലും അവകാശമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര- സഹകരണ മന്ത്രി അമിത് ഷാ. "ജൻ ജാൻ കി സർക്കാർ, 4 സാൽ ബേമിസാൽ' എന്ന പരിപാടിയുടെ ഭാഗമായി ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻകാലങ്ങളിലെ പ്രീണന രാഷ്‌ട്രീയം കാരണം അവർക്ക് ഇന്ത്യൻ പൗരത്വം നിഷേധിക്കപ്പെട്ടു. ഈ അഭയാർഥികൾ ഇന്ത്യയിലെത്തിയത് അവരുടെ വിശ്വാസവും കുടുംബ ബഹുമാനവും സംരക്ഷിക്കാനാണ്. എതിർപ്പുകൾക്കിടയിലും അവർക്ക് പൗരത്വം നൽകാൻ സർക്കാർ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണ്.
ഉത്തരാഖണ്ഡിലെ 10,000 ഏക്കർ സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ നീക്കം ചെയ്തതിന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയെ അമിത് ഷാ പ്രശംസിച്ചു. അനധികൃത നുഴഞ്ഞുകയറ്റക്കാർക്കെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നു. കുന്നിൻ പ്രദേശങ്ങളിലെ അനധികൃത ഭൂമി വാങ്ങലുകൾ തടയുന്നതിന് കർശനമായ ഭൂമി നിയമവും നടപ്പിലാക്കി.
സംസ്ഥാനത്തെ പ്രശ്നങ്ങൾ ഓരോന്നായി 4 വർഷമായി ധാമി പരിഹരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കേദാർനാഥ് മുതൽ കന്യാകുമാരി വരെയുള്ള എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കാൻ സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കി. അത് അസ്വാഭാവിക ജനസംഖ്യാപരമായ മാറ്റങ്ങൾ തടയാൻ സഹായിക്കും.
ഇന്ത്യൻ പൗരരല്ലാത്ത എല്ലാവരുടെയും പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യണം- അമിത് ഷാ പറഞ്ഞു.പരിപാടിയിൽ, പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും വന്ന 162 അഭയാർത്ഥികൾക്ക് ഇന്ത്യയുടെ പൗരത്വ സർട്ടിഫിക്കറ്റുകൾ അദ്ദേഹം വിതരണം ചെയ്തു.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലുള്ള സിദ്ധപീഠമായ ഹിംഗലാജ് മാതാ ക്ഷേത്രത്തിലെ പുരോഹിതന്‍റെ കുടുംബവുമായി ബന്ധപ്പെട്ട ശൈലേഷ്, പാക്കിസ്ഥാനിലെ ഭട്ടഗ്രാമിൽ നിന്നുള്ള ജസ്പാൽ കുമാർ, കറാച്ചിയിൽ സ്ത്രീകളുടെ പീഡനത്തെത്തുടർന്ന് ഇന്ത്യയിലെത്തിയ ദുർഗാനാഥ് ടി. രജ്പുത്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഹൻസേരി ബായി എന്നിവരും അവരിൽ ഉൾപ്പെടുന്നു.