POCSO case against Brij Bhushan Sharan Singh closed

ബ്രിജ് ഭൂഷണെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ചു

file image

ബ്രിജ് ഭൂഷണെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ചു

അന്വേഷണവുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പരാതിക്കാരി
Published on

ന്യൂഡല്‍ഹി: റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മുൻ മേധാവിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത വനിതാ ഗുസ്തി താരം നല്‍കിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് സമർപ്പിച്ച റിപ്പോര്‍ട്ട് ഡല്‍ഹി കോടതി അംഗീകരിക്കുകയായിരുന്നു.

പട്യാല ഹൗസ് കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഗോമതി മനോച്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

2023 ഓഗസ്റ്റ് 1 ന് നടന്ന ഇന്‍-കാമറ വിചാരണയ്ക്കിടെ, ഡൽഹി പൊലീസിന്‍റെ അന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്നും എന്നാൽ, ഈ വിഷയത്തില്‍ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. കൂടാതെ, പെൺകുട്ടിയോട് അനീതി കാണിച്ചതിനു പ്രതികാരം ചെയ്യുന്നതിനായി ബ്രിജ് ഭൂഷണെതിരേ വ്യാജ പരാതിയാണ് നല്‍കിയതെന്ന മൊഴിയും പെൺകുട്ടിയുടെ പിതാവ് പൊലീസിനു നൽകിയിരുന്നു.

തനിക്കെതിരായി നൽകിയ പരാതി വ്യാജമാണെന്ന് കേസന്വേഷണ വേളയിൽ ബ്രിജ് ഭൂഷണ്‍ വാദിക്കുകയും ചെയ്തു. ഇതെത്തുടർന്ന് 2023 ജൂൺ 15 ന് ഡൽഹി പൊലീസ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചു.

എന്നാൽ, കുടുംബം ഭീഷണി നേരിട്ടതിനാലാണ് പെൺകുട്ടി തന്‍റെ മൊഴി മാറ്റിയതെന്നാരോപിച്ച് ഒളിംപിക് മെഡൽ ജേതാവ് സാക്ഷി മാലിക് വിചാരണവേളയിൽ രംഗത്തെത്തി. ഇതിനു തൊട്ടു പിന്നാലെ, 6 വനിതാ ഗുസ്തിക്കാർ നൽകിയ മറ്റൊരു കേസിൽ ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.

2023 ജനുവരിയിൽ സാക്ഷി മാലിക്, ബജ്രംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെ നിരവധി ഗുസ്തിക്കാർ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ മാസങ്ങൾ നീണ്ട സമരം നടത്തി. സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് 2023 ജൂണിൽ ഈ കേസിൽ 1,000 പേജുള്ള കുറ്റപത്രം പൊലീസ് സമർപ്പിച്ചു. ഈ കേസിൽ പ്രത്യേക വിചാരണ നേരിടുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com