
സദ്ഗുരു ജഗ്ഗി വാസുദേവ്
file image
കോയമ്പത്തൂര്‍: ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 'സദ് ഗുരു' ജഗ്ഗി വാസുദേവിന്‍റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷനിലെ 4 ജീവനക്കാര്‍ക്കെതിരേ പോക്‌സോ കേസ്. ഫൗണ്ടേഷന്‍റെ കീഴിലുള്ള സ്‌കൂളിലെ പൂർവവിദ്യാര്‍ഥിയാണ് കേസിലെ ഒന്നാം പ്രതി. ഹോസ്റ്റല്‍ വാര്‍ഡനായ നിഷാന്ത് കുമാര്‍, പ്രീതി കുമാര്‍, ജനറല്‍ കേര്‍ഡിനേറ്ററായ പ്രകാശ് സോമയാജി, സ്വാമി വിഭു എന്നിവരാണ് മറ്റു 4 പ്രതികള്‍. വിദ്യാർഥിയുടെ മാതാവിന്‍റെ പരാതിയിലാണ് ഇവർക്കെതിരേ പൊലീസ് കേസെടുത്തത്. എന്നാൽ, പരാതി വ്യാജമാണെന്നാണ് ഇഷ ഫൗണ്ടേഷന്‍റെ മറുപടി.
2017 നും 2019 നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. ഇഷ ഫൗണ്ടേഷനിൽ വിദ്യാർഥിയായിരുന്ന ആൺകുട്ടിയെ ഒന്നാം പ്രതിയായ വിദ്യാര്‍ഥി നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്തതായാണ് ആന്ധ്ര സ്വദേശിനിയുടെ പരാതി. 2019 മാര്‍ച്ചില്‍ ചൂഷണവിവരം മെയില്‍ വഴി രക്ഷിതാക്കളെ അറിയിക്കുകയും മാതാവ് സ്‌കൂള്‍ മാനേജ്‌മെന്‍റിനെ സമീപിക്കുകയും പിന്നീട് പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
പോക്‌സോ 9(1), 10, 21(2) എന്നീ വകുപ്പുകളും ഐപിസി 342 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പരാതി അവഗണിച്ചെന്ന് കാട്ടിയാണ് മറ്റു പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. മകന്‍ പരാതി നല്‍കിയപ്പോള്‍ ഇക്കാര്യം പുറത്ത് പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും, പരാതിയിൽ നടപടിയെടുക്കാൻ ഇവർ തയാറായില്ലെന്നും പരാതിയിൽ പറയുന്നു.
കുറ്റാരോപിതനായ പൂർവ വിദ്യാർഥിയുടെ കുടുംബം വലിയ പദവിയിൽ ഉള്ളവരാണെന്നും, ലൈംഗിക അതിക്രമം നേരിട്ടത് പെൺകുട്ടിക്കായിരുന്നെങ്കിൽ നടപടി എടുത്തേനേ എന്നും സ്കൂൾ അധികൃതർ മറുപടി നൽകിയതായും പരാതിയിൽ പറയുന്നു.
കൂടാതെ, സംഭവത്തിൽ കഴിഞ്ഞ നവംബറിലാണ് വിദ്യാർഥിയുടെ മാതാവ് കോയമ്പത്തൂർ പൊലീസിൽ പരാതി നൽകുന്നത്. ജനുവരിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത്, മാര്‍ച്ച് 28നു മാത്രമാണ് എഫ്‌ഐആറിന്‍റെ കോപ്പി നൽകിയതെന്നും, പൊലീസ് ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നും ആരോപണം ഉയർന്നിരുന്നു.
എന്നാൽ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കം മാത്രമാണ് ഈ പരാതി എന്നാണ് ഇഷ ഫൗണ്ടേഷന്‍റെ വിശദീകരണം.