
'ഐ ലവ് മുഹമ്മദ്' പ്രചരണം തടയാൻ എത്തിയ പൊലീസ് സംഘം
ലഖ്നൗ: 'ഐ ലവ് മുഹമ്മദ്' പോസ്റ്റർ വിവാദത്തിന് പിന്നാലെ ഉത്തർപ്രദേശിലെ ബറേലിയിൽ സംഘർഷം രൂക്ഷമാകുന്നു. പ്രക്ഷോഭത്തെ പിന്തുണയ്ക്കാൻ ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് പ്രാദേശിക മുസ്ലിം പുരോഹിതനും ഇത്തിഹാദ് -ഇ മിലാത് കൗൺസിൽ നേതാവുമായ തൗഖീർ റാസ ഖാൻ അടക്കം 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 36 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൻ ജനക്കൂട്ടമാണ് റാസയുടെ വീടിനു മുന്നിൽ തടിച്ചു കൂടിയിരുന്ത്ന. വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച "ഐ ലവ് മുഹമ്മദ്' പ്രചരണങ്ങളും ഘോഷയാത്രയും പൊലീസ് തടഞ്ഞു. മധൻപുര, ലല്ലപുര, ലോഹ്ത തുടങ്ങിയ പ്രദേശങ്ങളിലും ചൗക് പൊലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള ദൽമണ്ഡിയിലും പൊലീസ് ഇടപെടൽ ശക്തമാണ്.
ദൽമണ്ഡ് ഔട്ട് പോസ്റ്റിലെ പൊലീസ് ഓഫിസർ പ്രകാശ് സിങ് ചൗഹാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹദാ സരായിലുള്ള അസ്ഹർ മാലിക്, ലല്ലപുരയിലെ നഫീസ് അഹമ്മദ്, ആദിൽ, ഇർഫാൻ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദ്യശ്യങ്ങൾ വഴിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ലോഹ്തയിലെ സിസിടിവി ദ്യശ്യങ്ങളിൽ "ഐ ലവ് മുഹമ്മദ് ' പ്രചരണങ്ങൾക്കൊപ്പം ശരീരത്തിൽ നിന്നും തല വെട്ടുക എന്നർഥം വരുന്ന "സർ തൻ സേ ജുദാ'എന്ന പ്രക്ഷോഭപരമായ മുദ്രാവാക്യങ്ങളും പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു . പോസ്റ്ററുകൾ നീക്കം ചെയ്തതായും നഗരത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ഡിസിപി ഗൗരവ് ബൻസൽ വ്യക്തമാക്കി.
സെപ്റ്റംബർ 4നാണ് വിവാദത്തിന് കാരണമായ സംഭവം. ഉത്തർപ്രദേശിലെ കാൺപുരിൽ നബിദിന റാലിയ്ക്കിടെ വഴി നീഴെ ഐ ലവ് മുഹമ്മദ് എന്നെഴുതിയ പോസ്റ്റർ പതിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. നവരാത്രിക്കാലത്ത് രാം നവമി ആഘോഷം നടക്കുന്ന വഴികളിൽ ഇത്തരം പോസ്റ്റർ പതിപ്പിച്ചതിനെതിരേ പ്രാദേശിക ഹൈന്ദവ സംഘങ്ങൾ രംഗത്തു വന്നു. ഇരു വിഭാഗങ്ങളും തമ്മിൽ ഇക്കാര്യത്തെച്ചൊല്ലി സംഘർഷമുണ്ടായി. പോസ്റ്ററുകൾ നീക്കം ചെയ്യണമെന്ന് ഹൈന്ദവ വിഭാഗം ആവശ്യപ്പെട്ടു. പ്രവാചകനോടുള്ള സ്നേഹം പ്രകടിപ്പിച്ചതിന്‍റെ പേരിൽ ആക്രമിക്കപ്പെടുകയാണെന്നാണ് മുസ്ലിം വിഭാഗത്തിന്‍റെ വാദം.
ആഴ്ചകൾക്കു ശേഷം വാരാണസിയിൽ ഹൈന്ദവ നേതാക്കൾ ഐ ലവ് മഹാദേവ് എന്ന പോസ്റ്ററുകളുമായി രംഗത്തെത്തി. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഐ ലവ് മുഹമ്മദ് എന്ന ഹാഷ് ടാഗ് ട്രെൻഡിങ് ആയത്. രാജ്യത്താകമാനം ഈ പ്രതിഷേധം പടരുകയാണ്.