

അറസ്റ്റിനിടെ ബിജെപി പ്രവർത്തകയുടെ വസ്ത്രം വലിച്ചുകീറി
ബംഗലുരൂ: കർണാടകയിൽ പാർട്ടി പ്രവർത്തകയെ പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തതായി ആരോപണം. ഒരു ബസിൽ ബിജെപി പ്രവർത്തകയെ പുരുഷ-വനിത പൊലീസ് ഉദ്യോഗസ്ഥർ തള്ളി കയറ്റുന്ന വീഡിയോ പുറത്ത് വന്നിരുന്നു. പൊലീസിനെ പ്രതിരോധിച്ചതിനെ തുടർന്ന് ഇവരെ മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തുവെന്നാണ് ബിജെപി ആരോപിച്ചിരിക്കുന്നത്.
കർണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. എന്നാൽ ഹുബ്ബള്ളി പൊലീസ് കമ്മീഷണർ ശശി കുമാർ ഈ ആരോപണം നിഷേധിച്ചു. യുവതി സ്വയം വസ്ത്രങ്ങൾ ഊരിമാറ്റുകയും പൊലീസിനെ മർദ്ദിക്കുകയും ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യുവതിക്കെതിരേ 9 കേസുകൾ ഉണ്ടെന്നും, ഇതിൽ അഞ്ചെണ്ണം കഴിഞ്ഞവർഷം ഫയൽ ചെയ്തതാണെന്നും കമ്മീഷണർ പറഞ്ഞു. പ്രദേശവാസി നൽകിയ വധശ്രമക്കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കടിക്കാൻ ശ്രമിച്ചു. പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ യുവതി സ്വയം വസ്ത്രങ്ങൾ ഊരിമാറ്റിയതായും ഉടൻതന്നെ വനിത പൊലീസ് ഇവരെ വസ്ത്രം ധരിപ്പിച്ചതായും കമ്മീഷണർ പറഞ്ഞു