

ദിൽജിത് ദൊസാഞ്ജ്
ന്യൂഡൽഹി: പഞ്ചാബി ഗായകൻ ദിൽജിത് ദൊസാഞ്ജിന്‍റെ ഒക്റ്റോബർ 30ന് ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടത്താനിരുന്ന സംഗീത പരിപാടിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. സുരക്ഷാ ആശങ്കകളും ഉത്സവകാലവും ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്ന് പൊലീസ് വ്യാഴാഴ്ച അറിയിച്ചു.
നിരവധി ആരാധകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പരിപാടിക്ക് സുരക്ഷാ കാരണങ്ങളാൽ പൊലീസ് അനുമതി നൽകിയില്ല. അതേസമയം തീരുമാനത്തിന് പിന്നിലെ കൂടുതൽ വിശദാംശങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.
ദിൽജിത്തിന്‍റെ ഓറ വേൾഡ് ടൂറിന്‍റെ ഇന്ത്യയിലെ പര്യടനത്തിന് ഡൽഹിയിലെ പരിപാടിയോടെ തുടക്കമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തുടർന്ന് ഇൻഡോർ, അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ലഖ്‌നൗ, ചണ്ഡിഗഢ് എന്നിവിടങ്ങളിലും പരിപാടികൾ നടത്താൻ നിശ്ചയിച്ചിരുന്നു.
ലോകപര്യടനത്തിന്‍റെ ഭാഗമായി വടക്കേ അമെരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ദിൽജിത് ഇതിനകം സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.