നീറ്റ് പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം; അന്വേഷണത്തിന് ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

വിരമിച്ച ജഡ്ജിമാർ, മുൻ ഡിജിപി, മുൻ സിബിഐ ഡയറക്റ്റർ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് സമിതി
Police excess during NEET protests; Supreme Court to form high-level committee.

നീറ്റ് പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം; ഉന്നതാധികാര സമിതി രൂപീകരിക്കാൻ സുപ്രീം കോടതി

Updated on

ന്യൂഡൽഹി: ഡൽഹിയിൽ നീറ്റ് പരീക്ഷാ പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരേ പൊലീസ് നടത്തിയ അതിക്രമങ്ങൾ സംബന്ധിച്ച ആരോപണങ്ങൾ പരിശോധിക്കാൻ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി. വിരമിച്ച ജഡ്ജിമാർ, മുൻ ഡിജിപി, മുൻ സിബിഐ ഡയറക്റ്റർ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് സമിതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ചൊവ്വാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.

സമിതിയിൽ ഉൾപ്പെടുത്തേണ്ട മറ്റ് അംഗങ്ങളെ സംബന്ധിച്ച് വിവിധ കക്ഷികളിൽനിന്ന് നിർദേശങ്ങൾ ലഭിച്ചശേഷം ബുധനാഴ്ച സമിതി രൂപീകരിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. ജൂലൈ 20ന് ഡൽഹിയിൽ നടന്ന പാർലമെന്‍റ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും സിസിടിവി റെക്കോർഡുകളും പരിശോധിക്കുന്നതിനായി ഉന്നതാധികാര സമിതിക്ക് കൈമാറാനും കോടതി നിർദേശിക്കും.

പ്രതിഷേധ മാർച്ചിലും ഡൽഹിയിലെ മറ്റ് പ്രദേശങ്ങളിലും പൊലീസിന്‍റെ നടപടികൾക്ക് ഇരയായതായി പരാതിപ്പെട്ട വനിതാ പ്രതിഷേധക്കാരുടെ പരാതികളും ആരോപണങ്ങളും സമിതി പരിശോധിക്കും. വിദ്യാർഥി പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ വിശദാംശങ്ങൾ നൽകാൻ ബെഞ്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ ജൂലൈ 20ന് ഡൽഹിയിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള മാർച്ചിനിടെ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പാർലമെന്‍റിലേക്ക് നീങ്ങാൻ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന ലാത്തിചാർജും നടത്തുകയും കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com