ഹരിയാനയിൽ രാഷ്‌ട്രീയ നാടകം; ബിജെപി സർക്കാർ പ്രതിസന്ധിയിൽ

ബിജെപിക്ക് 40ഉം കോൺഗ്രസിന് 30ഉം അംഗങ്ങളാണുള്ളത്. ഒക്റ്റോബറിലാണു ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്
ഹരിയാനയിൽ രാഷ്‌ട്രീയ നാടകം; ബിജെപി സർക്കാർ പ്രതിസന്ധിയിൽ

ചണ്ഡിഗഡ്: മൂന്നു സ്വതന്ത്ര എംഎൽഎമാർ കോൺഗ്രസ് പക്ഷത്തേക്കു കൂറുമാറിയതോടെ ഹരിയാനയിൽ നായബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പ്രതിസന്ധിയിൽ. 90 അംഗ നിയമസഭയിൽ 42 അംഗങ്ങളുടെ മാത്രം പിന്തുണയാണ് ഇപ്പോൾ സർക്കാരിനുള്ളത്. നിലവിൽ സഭയുടെ ആകെ അംഗബലം 88 ആണെന്നിരിക്കെയും സർക്കാരിന് ഭൂരിപക്ഷമില്ലാതായി.

മുൻപ് ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ജെജെപിക്ക് 10 അംഗങ്ങളുണ്ട്. ഇവരിൽ ചിലർ സർക്കാരിന്‍റെ രക്ഷയ്ക്കെത്തിയേക്കുമെന്നാണു സൂചന. ബിജെപിക്ക് 40ഉം കോൺഗ്രസിന് 30ഉം അംഗങ്ങളാണുള്ളത്. ഒക്റ്റോബറിലാണു ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. അഞ്ചു മാസം കാലാവധി അവശേഷിക്കുന്ന സർക്കാരിനെ നിലനിർത്താൻ ബിജെപി അണിയറ ചർച്ചകൾ തുടങ്ങി.

കോൺഗ്രസ് അവരുടെ ആഗ്രഹ പൂർത്തീകരണത്തിനുള്ള ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി സൈനി പ്രതികരിച്ചു. സർക്കാരിനെ താഴെയിറക്കാമെന്നാണ് അവർ കരുതുന്നത്. എല്ലാവർക്കും ആഗ്രഹിക്കാൻ അവകാശമുണ്ട്. കോൺഗ്രസിന് ജനങ്ങളുടെ താത്പര്യമല്ല മുഖ്യം. സ്വാർഥ ലക്ഷ്യങ്ങൾക്കുവേണ്ടിയാണ് അവർ പ്രവർത്തിക്കുന്നതെന്നും സൈനി.

സ്വതന്ത്ര എംഎൽഎമാരായ സോംബിർ സങ്‌വാൻ, രൺധീർ സിങ് ഗോലൻ, ധർമപാൽ ഗോണ്ടർ എന്നിവരാണ് ഇന്നലെ റോഹ്തക്കിൽ പത്രസമ്മേളനം വിളിച്ച് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായി അറിയിച്ചത്. പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിങ് ഹൂഡയുടെയും പിസിസി അധ്യക്ഷൻ ഉദയ് ഭാന്‍റെയും സാന്നിധ്യത്തിൽ മാധ്യമങ്ങളെ കണ്ട ഇവർ മുഖ്യമന്ത്രി സൈനി രാജിവയ്ക്കണമെന്നും സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കർഷകവിരുദ്ധ നയങ്ങളും തൊഴിലില്ലായ്മയും വിലക്കയറ്റവും ഉൾപ്പെടെ പ്രശ്നങ്ങളിലാണ് തങ്ങൾ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതെന്നും എംഎൽഎമാർ പറഞ്ഞു.

മൂന്നു സ്വതന്ത്രരും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതായി ഉദയ് ഭാൻ പറഞ്ഞു. 10 ജെജെപി എംഎൽഎമാരുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് സർക്കാർ നിലനിന്നത്. ആദ്യം ജെജെപി അകന്നു. ഇപ്പോൾ സ്വതന്ത്രരും പോയി. ന്യൂനപക്ഷ സർക്കാർ രാജിവയ്ക്കുകയാണ് വേണ്ടത്- ഉദയ് ഭാൻ പറഞ്ഞു. രാജ്യമൊട്ടാകെ കോൺഗ്രസിന് അനുകൂല തരംഗം വീശുന്നതു കണ്ടാണ് എംഎൽഎമാർ തങ്ങൾക്കൊപ്പമെത്തിയതെന്നു ഹൂഡ അവകാശപ്പെട്ടു.

മനോഹർ ലാൽ ഖട്ടർ രാജിവച്ചതിനെത്തുടർന്നു ചുമതലയേറ്റ നായബ് സിങ് സൈനിയുടെ സർക്കാർ മാർച്ച് 13നാണ് വിശ്വാസവോട്ട് നേടിയത്.

കർണാൽ എംഎൽഎയായിരുന്ന ഖട്ടർ ഈ പദവി രാജിവച്ച് അവിടെ നിന്ന് ലോക്സഭയിലേക്കു മത്സരിക്കുകയാണ്. ഇതിനിടെ, മുൻ മന്ത്രി കൂടിയായ സ്വതന്ത്ര എംഎൽഎ രൺജീത് സിങ് ചൗതാല രാജിവച്ച് ബിജെപിയിൽ ചേരുകയും ഹിസാറിൽ ലോക്സഭാ സ്ഥാനാർഥിയാകുകയും ചെയ്തിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com