പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ വാതിൽ തുറന്നില്ല; എൻഐഎ ഉദ്യോഗസ്ഥർ കാത്തുനിന്നത് 6 മണിക്കൂർ

അഭിഭാഷകനെത്തിയശേഷം മാത്രമാണ് ഇയാൾ വാതിൽ തുറന്നത്.
NIA
NIA

മുംബൈ: പരിശോധനയ്ക്കെത്തിയ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘത്തെ വീടിന്‍റെ വാതിൽ തുറക്കാതെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ 6 മണിക്കൂറിലേറെ പുറത്തുനിർത്തി. മുംബൈ വിക്രോളിയിലെ പാർക്ക് സൈറ്റ് സ്വദേശി അബ്ദുൾ വാഹിദ് ഷെയ്ഖാണ് അന്വേഷണ ഉദ്യോഗസ്ഥരോടു നിസഹകരിച്ചത്. അഭിഭാഷകനെത്തിയശേഷം മാത്രമാണ് ഇയാൾ വാതിൽ തുറന്നത്. തുടർന്നു പരിശോധന നടത്തിയ എൻഐഎ സംഘം മടങ്ങി.

180 പേരുടെ മരണത്തിനിടയാക്കിയ 2006ലെ മുംബൈ ട്രെയ്‌ൻ സ്ഫോടന പരമ്പരക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടയാളാണ് ഷെയ്ഖ്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഹാർ സന്ദർശനത്തിനിടെ കുഴപ്പങ്ങളുണ്ടാക്കാൻ ഫൂൽവാരി ഷെരീഫിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഗൂഢാലോചന നടത്തിയ കേസിലായിരുന്നു എൻഐഎ അന്വേഷണം. മഹാരാഷ്‌ട്രയെ കൂടാതെ രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്ന് പരിശോധന നടന്നു.

ബുധനാഴ്ച രാവിലെ അഞ്ചിനാണ് എൻഐഎ സംഘം ഷെയ്ഖിന്‍റെ വീട്ടിലെത്തിയത്. എന്നാൽ, സെർച്ച് വോറന്‍റുണ്ടോ എന്നു വീട്ടിനുള്ളിൽ നിന്നു വിളിച്ചുചോദിച്ച ഇയാൾ വാതിൽ തുറക്കാൻ വിസമ്മതിച്ചു. 11.15ന് അഭിഭാഷകനും ചില സംഘടനാ പ്രവർത്തകരും എത്തിയതോടെയാണ് പരിശോധനയ്ക്കു സമ്മതിച്ചത്. തന്‍റെ വീട്ടിലേക്ക് ഒരു സംഘം അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നെന്നും സിസിടിവി ക്യാമറയും വാതിലും തകർത്തെന്നും ഇതിനിടെ ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ വിഡിയൊ സന്ദേശം പ്രചരിപ്പിച്ചു. തന്‍റെ ഭാര്യയും മകളും അസുഖബാധിതരാണെന്നും ഇയാൾ വിഡിയൊയിൽ പറഞ്ഞു.

ഇതോടെ, പ്രദേശത്ത് നിരവധി പേർ തടിച്ചുകൂടി. ഒടുവിൽ ലക്നൗവിലെ എൻഐഎ ഓഫിസിൽ നിന്ന് ബിഹാർ കേസിൽ ഷെയ്ഖിന്‍റെ പേര് പരാമർശിക്കുന്ന ഇ മെയ്‌ൽ സന്ദേശം കാണിച്ചശേഷമാണ് ഉദ്യോഗസ്ഥരെ വീട്ടിൽ കയറാൻ അനുവദിച്ചത്. വൈകീട്ട് നാലരയോടെ പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങി. തനിക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്നും തന്‍റെ വീട്ടിൽ നിന്ന് ഒരു തെളിവും കിട്ടിയിട്ടില്ലെന്നും ഇയാൾ പിന്നീട് അവകാശപ്പെട്ടു. ട്രെയ്‌ൻ സ്ഫോടനക്കേസിൽ ജീവിതത്തിന്‍റെ വലിയൊരു ഭാഗം ഷെയ്ഖിന് നഷ്ടമായെന്നും ഇപ്പോൾ എൻഐഎ പീഡിപ്പിക്കുകയാണെന്നും ഇയാളുടെ ബന്ധു സാക്കിറ ഷെയ്ഖ് ജാവേദ് പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com