

മൂന്ന് ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതേ തുടർന്ന് ഇടുക്കി, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ജൂലൈ 30ന് മൂന്ന് ജില്ലകളിലും, 31ന് അഞ്ച് ജില്ലകളിലും, ഓഗസ്റ്റ് ഒന്നിന് ഏഴ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 115 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യമാണ് ഓറഞ്ച് അലർട്ട് സൂചിപ്പിക്കുന്നത്. 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളപ്പോഴാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്.
അതേസമയം, മോശം കാലാവസ്ഥയും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതിനാൽ ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ട് വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.