
ത്രിപുര: ത്രിപുരയിൽ നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ പലയിടങ്ങളിലും സംഘർഷം. പതിനാറു സംഭവങ്ങളിലായി 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം, കഴിഞ്ഞ 48 മണിക്കൂറിനിടെ അഞ്ച് ജില്ലകളിലാണു സംഘർഷം ഉണ്ടായതെന്നു ചീഫ് ഇലക്ട്രൽ ഓഫീസർ കിരൺ ദിനകരറാവു അറിയിച്ചു.
സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം പേർക്കു നോട്ടീസ് നൽകിയിട്ടുണ്ട്. കൊവായി ജില്ലയിലെ സിങ്കിച്ചേരാ, കുമാർഘട്ട്, അഗർത്തല തുടങ്ങിയയിടങ്ങളിലാണു പ്രശ്നങ്ങളുണ്ടായത്. സിപിഎം-ബിജെപി- കോൺഗ്രസ് പ്രവർത്തകർ സംഭവുമായി ബന്ധപ്പെട്ടു പിടിയിലായിട്ടുണ്ട്. ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു തീയിട്ട സംഭവവും റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്ത് കനത്ത സുരക്ഷ തുടരുകയാണ്. വ്യാഴാഴ്ചയായിരുന്നു ത്രിപുരയിലെ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് ദിനത്തിൽ ആറിടങ്ങളിൽ പ്രശ്നങ്ങളുണ്ടായതായി ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. മാർച്ച് 2ന് വോട്ടെണ്ണൽ നടക്കും. അതുവരെ സുരക്ഷാ മുൻകരുതലുകൾ തുടരാനാണു തീരുമാനം.