

ഹിന്ദുക്കളുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങണം, പോസ്റ്റർ പതിപ്പിച്ച് ഹിന്ദു ജാഗരൺ മഞ്ച്; ബംഗാളിൽ രാഷ്ട്രീയ വിവാദം
പ്രതീകാത്മക ചിത്രം- എഐ
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ഹിന്ദു ജാഗരൺ മഞ്ച് സ്ഥാപിച്ച പോസ്റ്ററുകൾ വിവാദത്തിൽ. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള കടകളിൽ നിന്നും സാധനങ്ങളും മാംസവും ബിരിയാണിയും വാങ്ങണമെന്നാണ് പോസ്റ്ററിൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
ദുർഗാപൂജ ആരംഭിക്കാനിരിക്കെയാണ് ബംഗാളിലെ സിലിഗുരി ടൗണിൽ ഇത്തരത്തിൽ പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയായിട്ടുണ്ട്.
എന്നാൽ ഇത് തങ്ങളുടെ നിർബന്ധിത ഉത്തരവല്ലെന്നും ഹിന്ദു സമൂഹത്തോടുള്ള അഭ‍്യർഥനയാണെന്നുമാണ് ഹിന്ദു ജാഗരൺ മഞ്ചിന്‍റെ വിശദീകരണം. സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കണമെന്ന് മുൻ സിപിഎം മന്ത്രി അശോക് ഭട്ടാചാര‍്യ ആവശ‍്യപ്പെട്ടു.
മതേതര ജനാധിപത‍്യ രാജ‍്യത്ത് ഇത്തരം പോസ്റ്ററുകൾ സ്ഥാപിക്കുന്നത് കുറ്റകരമാണെന്നും അധികൃതർ പോസ്റ്ററുകൾ നീക്കം ചെയ്യുക മാത്രമല്ല. ഈ വർഗീയ പ്രചാരണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ജാഗരൺ മഞ്ച് ഒരു സ്വതന്ത്ര സംഘടനയാണെന്നും അത്തരം പ്രചാരണങ്ങളിൽ തന്‍റെ പാർട്ടിക്ക് പങ്കില്ലെന്ന് ബിജെപി സഹമന്ത്രി സുകാന്ത മജുംദാർ മാധ‍്യമങ്ങളോട് പ്രതികരിച്ചു.