

നാടി ചിക്കൻ
ബെംഗലുരൂ; കര്‍ണാടക കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവിയ്ക്കായി തര്‍ക്കം ആരംഭിച്ചപ്പോള്‍ കെ.സി നിര്‍ദേശിച്ച പ്രാതല്‍യോഗം രാജ്യമെങ്ങും രാഷ്ട്രീയതലത്തിൽ ചര്‍ച്ചയാവുകയാണ്. എവിടെയും മലയാളി ടച്ച് എന്ന് പറയും പോലെ പ്രാതല്‍ യോഗത്തിന് പിന്നിലും മലയാളികളുടെ സ്വന്തം കെ.സി എന്ന കെ.സി വേണുഗോപാലാണ്. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശാനുസരണമാണ് സിദ്ധരാമയ്യരും, ഡി.കെ ശിവകുമാറും അഭിപ്രായ ഭിന്നതകള്‍ മറന്ന് പരസ്പരം പ്രാതല്‍യോഗം സംഘടിപ്പിച്ചത്.
ചൊവ്വാഴ്ച ഡി.കെയുടെ വസതിയിൽ നടന്ന പ്രാതല്‍യോഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
വേറൊന്നുമല്ല, രാഷ്ട്രീയചർച്ചയല്ല ഡി.കെ സിദ്ധരാമയ്യയ്ക്ക് വിളമ്പിയ മെനുവാണ് ചർച്ച വിഷയമായത്. ചൊവ്വാഴ്ച നടന്ന പ്രാതല്‍യോഗത്തെ ഡി.കെ പവര്‍ ബ്രേക്ക്ഫാസ്റ്റ് എന്നാണ് വിശേഷിപ്പിച്ചത്. ശക്തരായ രണ്ട് നേതാക്കൾ ഒന്നിച്ചിരുന്ന് കഴിച്ച പ്രാതൽ, ഇതാണ് പവർ ബ്രേക്ക്ഫാസ്റ്റ് എന്ന് ഡി.കെ എക്സിൽ കുറിച്ചു. രുചികരമായ നാടി ചിക്കനും ഇഡ്ഡലിയും കാപ്പിയും ഇരുവരും പങ്കിട്ടു.
സിദ്ധരാമയ്യയുടെ ഇഷ്ടവിഭവമായ നാടി ചിക്കനാണ് ഡി.കെ ഒരുങ്ങിയിരുന്നത്. പ്രാതൽ ഭക്ഷണത്തിനായി ടേബിള്‍ നിറയെ സിദ്ധരാമയ്യയ്ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളാണ് തയ്യാറാക്കിയിരുന്നത്. ഇതില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട നാടി ചിക്കനും ഉൾപ്പെടുത്തിയാണ് സിദ്ധരാമയ്യരോടുള്ള സ്നേഹം ഡി.കെ പ്രകടമാക്കിയത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്‍റെ വസതിയിൽ പവര്‍ബ്രേക്ക് ഫാസറ്റ് കഴിച്ചുവെന്ന് ഡി.കെ എക്സിൽ ഫോട്ടോ സഹിതം കുറിച്ചു.
എന്താണ് നാടി ചിക്കൻ
കർണാടകയിൽ, നാടി ചിക്കൻ എന്നത് നാടൻ കോഴിയെയാണ് സൂചിപ്പിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്ന ബ്രോയിലർ കോഴിയുമായി താരതമ്യപ്പെടുത്തുമ്പോൾ ആഴത്തിലുള്ള രുചിയും ഉറച്ച ഘടനയും ഉള്ളതിനാൽ വില കൂടിയതും,പ്രകൃതിദത്തമായി വളർത്തിയ ഇനമാണിത്. ഇത് പ്രാദേശിക പാചകത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു. കൂടാതെ നാടൻ കറിയായ നാറ്റി കോലി സാരു, ജനപ്രിയ മംഗളൂരു ഡ്രൈ തയ്യാറാക്കൽ ആയ കോരി സുക്ക തുടങ്ങിയ വിഭവങ്ങളിൽ ഇത് സാധാരണയായി കാണപ്പെടുന്നു.
കോരി സുക്ക
നാടി ചിക്കൻ കറി തയ്യാറാക്കുന്ന വിധം
മസാലകൾ ചേർത്ത് സുഗന്ധമുള്ള ഗ്രേവിയിൽ ചിക്കൻ കഷണങ്ങൾ തിളപ്പിച്ചാണ് വേവിക്കുന്നത്. മല്ലിയില, ജീരകം, കുരുമുളക്, ഉണങ്ങിയ ചുവന്ന മുളക്, ഗ്രാമ്പൂ, കറുവപ്പട്ട, പെരുംജീരകം, വെളുത്തുള്ളി, ഇഞ്ചി, ഉള്ളി, തക്കാളി, വറ്റൽ തേങ്ങ തുടങ്ങിയ വറുത്ത സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് ഒരു പുതിയ മസാല ഉണ്ടാക്കുന്നു. വേവിച്ച ചിക്കൻ ഈ മസാല പേസ്റ്റിലേക്ക് ചേർത്ത് രുചികൾ വരുന്നത് വരെ സാവകാശം വേവിച്ച് എടുക്കുക. കടുക്, കറിവേപ്പില, ഉള്ളി എന്നിവ ചേർത്ത് വിളമ്പുന്നതിനു മുമ്പ് കടുവറുത്ത് എടുക്കുന്നു. സാധാരണയായി റാഗി മുദ്ദേ, ആവിയിൽ വേവിച്ച അരി, അല്ലെങ്കിൽ ഇഡ്ഡലി എന്നിവയ്‌ക്കൊപ്പം ഈ വിഭവം ആസ്വദിക്കാം.