ബെംഗളൂരു: അടുത്ത മാസം നടക്കാനിരിക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കന്നഡ സൂപ്പർ സ്റ്റാർ കിച്ച സുദീപ് ബിജെപിയിലേക്ക് പോകുന്നെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ ഞെട്ടൽ രേഖപ്പെടുത്തി നടൻ പ്രകാശ് രാജ്. കിച്ച സുദീപിന്‍റെ പ്രസ്താവന തന്നെ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച്ചയാണ് ബിജെപിക്ക് പിന്തുണ അറിയിച്ച് കിച്ച സുദീപ് രംഗത്തെത്തിയത്. ബിജപിക്കു വേണ്ടി പ്രചാരണം നടത്തുമെന്നും എന്നാൽ മേയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ പ്രകാശ് രാജ് എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് വ്യക്തമാണെന്ന് സുദീപ് പറഞ്ഞു. ചലച്ചിത്രതാരം എന്ന നിലയിൽ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്‍റെ സിനിമകൾക്കായി ഞാൻ കാത്തിരിക്കുകയാണ്- എന്നാണ് ട്വീറ്റിനോടുള്ള പ്രതികരണമായി കിച്ച സുദീപ് പറഞ്ഞത്.