പ്രളയ് മിസൈൽ പരീക്ഷണങ്ങൾ വിജയം

വ്യത്യസ്ത ലക്ഷ്യങ്ങൾക്കെതിരെ വിവിധ തരം പോർമുനകൾ വഹിക്കാൻ ഈ മിസൈലിന് കഴിയും. യാത്രയ്ക്കിടെ വഴിമാറി സഞ്ചരിക്കാനും സാധിക്കും
Pralay missile India

പ്രളയ് മിസൈൽ പരീക്ഷണം.

Updated on

ബംഗളൂരു: ഒഡീഷ തീരത്തുള്ള ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽ, 2025 ജൂലൈ 28, 29 തീയതികളിലായി പ്രളയ് ഭൂതല- ഭൂതല മിസൈലിന്‍റെ രണ്ട് പരീക്ഷണങ്ങൾ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വിജയകരമായി പൂർത്തിയാക്കി. മിസൈൽ സംവിധാനത്തിന്‍റെ ഉയർന്നതും കുറഞ്ഞതുമായ ദൂരപരിധികൾ സാധൂകരിക്കുന്നതിനുള്ള വിലയിരുത്തലിന്‍റെ ഭാഗമായാണ് പരീക്ഷണങ്ങൾ നടത്തിയത്.

150 - 500 കിലോമീറ്റർ ദൂരപരിധിയുള്ള, 5 ടൺ ഭാരമുള്ള ഈ മിസൈൽ മുൻനിശ്ചയിച്ച പാത കൃത്യമായി പിന്തുടർന്നു. പരീക്ഷണോദ്ദേശങ്ങളെല്ലാം കൃത്യമായി നിറവേറ്റി ലക്ഷ്യസ്ഥാനത്തെത്തി. ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് (ഐടിആർ) വിന്യസിച്ച വിവിധ നിരീക്ഷണ സെൻസറുകൾ പകർത്തിയ പരീക്ഷണ ഡാറ്റ പ്രകാരം എല്ലാ ഉപസംവിധാനങ്ങളും പ്രതീക്ഷക്കൊത്ത വണ്ണം പ്രവർത്തിച്ചു, ഡെസിഗനേറ്റഡ് ഇംപാക്റ്റ് പോയിന്‍റിന് സമീപം കപ്പലിൽ വിന്യസിച്ചിരിക്കുന്ന ഉപകരണങ്ങൾ ഉൾപ്പെടെ ഇക്കാര്യം പരിശോധിച്ചുറപ്പിച്ചു.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു ഖര പ്രൊപ്പല്ലന്‍റ് അർധ -ബാലിസ്റ്റിക് മിസൈലായ പ്രളയ്, ഉയർന്ന കൃത്യത ഉറപ്പാക്കാൻ അത്യാധുനിക മാർഗനിർദേശ, ഗതിനിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിക്കുന്നു. വ്യത്യസ്ത ലക്ഷ്യങ്ങൾക്കെതിരെ വിവിധ തരം പോർമുനകൾ വഹിക്കാൻ ഈ മിസൈലിന് കഴിയും. യാത്രയ്ക്കിടെ വഴിമാറി സഞ്ചരിക്കാൻ കഴിയുന്ന പ്രളയ് മിസൈലിനെ ശത്രുക്കൾക്കു കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്.

ഡിആർഡിഒ ലാബുകളായ പ്രതിരോധ ഗവേഷണ വികസന ലബോറട്ടറി, അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറി, ആമമെന്‍റ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് എസ്റ്റാബ്ലിഷ്‌മെന്‍റ്, ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി, ഡിഫൻസ് മെറ്റലർജിക്കൽ റിസർച്ച് ലബോറട്ടറി, ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറി, റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് എസ്റ്റാബ്ലിഷ്‌മെന്‍റ് (എൻജിനീയേഴ്സ്), ഐടിആർ തുടങ്ങിയവയുമായി സഹകരിച്ച് റിസർച്ച് സെന്‍റർ ഇമാറാത്ത് ഈ സിസ്റ്റം ആണ് സംവിധാനം വികസിപ്പിച്ചെടുത്തത്; ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ്, ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ്, വിവിധ വ്യവസായ സ്ഥാപനങ്ങൾ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്നിവയാണ് പങ്കാളികൾ.

ഡിആർഡിഒയിലെ മുതിർന്ന ശാസ്ത്രജ്ഞർ, ഇന്ത്യൻ വ്യോമ, കര സേനാ പ്രതിനിധികൾ, വ്യവസായിക പ്രതിനിധികൾ എന്നിവർ പരീക്ഷണങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽ പ്രളയ് മിസൈലുകൾ പ്രദർശിപ്പിച്ചിരുന്നു. 2021 ഡിസംബറിലാണ് ഇതിന്‍റെ പ്രാഥമിക പരീക്ഷണ വിക്ഷേപണം നടന്നത്.

പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിൽ നിർണായക പങ്ക് വഹിച്ച ഡിആർഡിഒയെയും സായുധ സേനയെയും രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ആധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഈ മിസൈൽ രാജ്യം നേരിടുന്ന ഭീഷണികൾ നേരിടാനുള്ള സായുധ സേനയുടെ സാങ്കേതിക കരുത്ത് വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com