'370 രൂപ ബിരിയാണി വിവാദം': സ്റ്റാൻഡ് അപ്പ് കൊമേഡിയൻ പ്രണിത് മോറെയ്ക്കും ഹിമാൻഷു ജാൻഗ്രയ്ക്കുമെതിരേ കേസ്

ദേശീയ വനിതാ കമ്മിഷൻ ഹരിയാന ഡിജിപിക്ക് നോട്ടീസ് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരേ സ്വമേധയാ കേസെടുത്തത്
pranit more and himanshu jangra booked in 370 rs biriyani controversy

ഹിമാൻഷു ജാൻഗ്ര, പ്രണിത് മോറെ

Updated on

മുംബൈ: സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ സ്ത്രീകൾക്കെതിരേ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയതിന് കൊമേഡിയൻ പ്രണിത് മോറെയ്ക്കും വെബ് ഡെവലപ്പറായ ഹിമാൻഷു ജാൻഗ്രയ്ക്കുമെതിരേ കേസെടുത്തു.

പ്രണിത് മോറെയുടെ കോമഡി ഷോയുടെ ക്ലിപ്പ് വൈറലാവുകയും വ‍്യാപക പ്രതിഷേധത്തിനിടയാക്കുകയും ചെയ്തതിനെത്തുടർന്ന് ദേശീയ വനിതാ കമ്മിഷൻ ഹരിയാന ഡിജിപിക്ക് നോട്ടീസ് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്ന് പൊലീസ് വ‍്യക്തമാക്കി. ഭാരതീയ ന‍്യായ സംഹിത 75(2), 75(3), 294, 353(30 എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.

'370 റുപ്പീസ് ബിരിയാണി ക്ലിപ്പ്' എന്ന പേരിൽ പ്രചരിക്കുന്ന പ്രണിതിന്‍റെ കോമഡി ഷോയുടെ വിഡിയൊയാണ് ഈ വിവാദങ്ങൾക്ക് ആധാരം. ഷോയ്ക്കിടെ കാണികളിലൊരാളായ യുവാവ് തന്‍റെ ഡേറ്റിങ് അനുഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. താൻ ഒരു പെൺകുട്ടിയെ ഡേറ്റിങ്ങിനായി പുറത്തുകൊണ്ടുപോയെന്നും അവൾക്കായി 370 രൂപയുടെ ബിരിയാണി വാങ്ങിക്കൊടുത്തെന്നും ഇയാൾ പറയുന്നു. ഭക്ഷണം കഴിച്ച ശേഷം പെൺകുട്ടി അവിടെ നിന്നും പോകാൻ തുടങ്ങിയപ്പോൾ താൻ വഞ്ചിക്കപ്പെട്ടതായി തോന്നിയെന്നാണ് ഇയാൾ സഭ്യേതരമായ രീതിയിൽ പറയുന്നത്.

താൻ ബിരിയാണി വാങ്ങിക്കൊടുത്ത സ്ഥിതിക്ക് പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിനു തനിക്ക് അവകാശമുണ്ടെന്ന രീതിയിലായിരുന്നു ഇയാളുടെ സംസാരം. ഇതിനെ 'പീക്ക് ഗുഡ്ഗാവ് കണ്ടന്‍റ്' എന്ന് വിളിച്ച് പ്രണിത് പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇതിന്‍റെ തുടർച്ചയായി വന്ന മറ്റൊരു ക്ലിപ്പിൽ, ആ പെൺകുട്ടിയെ ഒരു വെളിച്ചമില്ലാത്ത പാർക്കിൽ കൊണ്ടുപോയതിനെക്കുറിച്ചും അവരുടെ ശാരീരിക ഇടപെടലുകളെക്കുറിച്ചും അശ്ലീലച്ചുവയോടെ ഇയാൾ വിവരിക്കുന്നുണ്ട്. ഇതുകേട്ട് സദസിലുള്ളവരും കൊമേഡിയനായ പ്രണിതും പൊട്ടിച്ചിരിക്കുകയായിരുന്നു. 'മനോഹരമായ' ഈ കഥ പറഞ്ഞതിന് യുവാവിന് പ്രണിത് 5000 രൂപ സമ്മാനവും കൊടുത്തു!

ഈ വിഡിയൊ റീൽസ് ആയി ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. കടുത്ത സ്ത്രീവിരുദ്ധതയും മോശം ചിന്താഗതിയും പ്രോത്സാഹിപ്പിച്ചതിന് കൊമേഡിയനെതിരേ നെറ്റിസൺസ് രംഗത്തെത്തി.

പ്രതിഷേധം ശക്തമായതോടെ പ്രണിത് തന്‍റെ ഫോളോവേഴ്സിനോട് മാപ്പ് ചോദിച്ചിരുന്നു. യുവാവ് പറഞ്ഞത് തന്‍റെ വ്യക്തിപരമായ അഭിപ്രായമല്ലെന്ന് പറഞ്ഞ പ്രണിത്, "തിരിഞ്ഞുനോക്കുമ്പോൾ, ആ സമയത്ത് ചിരിച്ച് തള്ളുന്നതിനു പകരം ആ പരാമർശത്തെ ഞാൻ ചോദ്യം ചെയ്യണമായിരുന്നു. അത് എന്‍റെ ഭാഗത്തുനിന്നുണ്ടായ വലിയൊരു വീഴ്ചയാണ്," എന്ന് കുറിച്ചു.

പ്രണിതിന്‍റെ മാപ്പപേക്ഷ കൊണ്ടും പ്രതിഷേധം അടങ്ങിയില്ല. പ്രശസ്ത ഡിജിറ്റൽ ക്രിയേറ്റർമാരും അഭിനേതാക്കളുമായ കുശ കപില, ഡോളി സിങ്, സാക്ഷി ശിവ്ദാസനി, ഉർഫി ജാവേദ് എന്നിവരടക്കം നിരവധി പ്രമുഖർ പ്രണിതിനെതിരേ രംഗത്തെത്തി.

"ഇത്തരമൊരു വിഡിയൊ ക്ലിപ്പ് അപ്‌ലോഡ് ചെയ്യുക എന്നത് നിങ്ങളുടെ സ്വന്തം തെരഞ്ഞെടുപ്പാണ്. നിങ്ങളുടെ ചാനലിൽ ഇത്തരം തമാശകൾ പോസ്റ്റ് ചെയ്യുന്നതും ഒരു ചോയ്സ് ആണ്. ഇത് കോമഡിയല്ല. വെറുമൊരു പ്രതികരണത്തിനു വേണ്ടി മാത്രം തയാറാക്കിയ മോശം ഉള്ളടക്കമാണിത്. ഒരുപാട് സ്ത്രീകൾ ഇതിനെതിരേ ശബ്ദമുയർത്തുന്നതിൽ സന്തോഷമുണ്ട്"- കുശ കപില കുറിച്ചു. കൊമേഡിയൻ രൗണക് രാജാനിയും പ്രണിതിനെ കടുത്ത ഭാഷയിൽ വിമർശിച്ചു.

logo
Metro Vaartha
www.metrovaartha.com