ഇനിയും പരാജയപ്പെട്ടാൽ രാഹുൽ മാറിനിൽക്കണം: പ്രശാന്ത് കിഷോർ

പത്തുവർഷം ഒരേ ജോലി ഒരു നേട്ടവുമില്ലാതെ ചെയ്തുകൊണ്ടിരിക്കുന്നവർ മാറി നിൽക്കുന്നതിൽ ഒരു കുഴപ്പവുമില്ല.
Prashant Kishor, Rahul Gandhi
Prashant Kishor, Rahul Gandhi
Updated on

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതീക്ഷിച്ച ഫലമുണ്ടാക്കാനായില്ലെങ്കിൽ രാഹുൽ ഗാന്ധി നേതൃത്വത്തിൽ നിന്നു മാറിനിൽക്കണമെന്നു തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. 10 വർഷമായി രാഹുൽ നേതൃത്വത്തിലുണ്ട്. അദ്ദേഹം തുടർച്ചയായി പരാജയപ്പെടുന്നു. ഇത്തവണയും ഇതു തുടർന്നാൽ മറ്റാരെയെങ്കിലും ഏൽപ്പിച്ച് രാഹുൽ പൂർണമായി നേതൃത്വത്തിൽ നിന്നു മാറിനിൽക്കണം. അല്ലെങ്കിൽ അതു ജനാധിപത്യ വിരുദ്ധമാകും.

വാർത്താ ഏജൻസി എഡിറ്റർമാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ, കോൺഗ്രസിന് പുനരുജ്ജീവന പദ്ധതി തയാറാക്കി നൽകിയിരുന്നു പ്രശാന്ത് കിഷോർ. എന്നാൽ, ഇതിന്‍റെ നടപ്പാക്കലിനെച്ചൊല്ലി രാഹുൽ ഗാന്ധിയുമായുണ്ടായ ഭിന്നതയെത്തുടർന്നാണ് പിന്മാറിയത്.

പത്തുവർഷം ഒരേ ജോലി ഒരു നേട്ടവുമില്ലാതെ ചെയ്തുകൊണ്ടിരിക്കുന്നവർ മാറി നിൽക്കുന്നതിൽ ഒരു കുഴപ്പവുമില്ല. അഞ്ചു വർഷം മറ്റാരെങ്കിലും പ്രവർത്തിക്കട്ടെ. രാജീവ് ഗാന്ധി വധിക്കപ്പെട്ടശേഷം അഞ്ചു വർഷം രാഷ്‌ട്രീയത്തിൽ നിന്നു മാറിനിന്നിട്ടുണ്ട് സോണിയ ഗാന്ധി. ലോകത്തിലെ നല്ല നേതാക്കൾക്ക് അവരുടെ കുറവുകൾ അറിയാം. അതു പരിഹരിക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാൽ, രാഹുൽ ഗാന്ധി കരുതുന്നത് തനിക്ക് എല്ലാം അറിയാമെന്നാണ്. സഹായം വേണമെന്ന് അംഗീകരിക്കാത്തവരെ സഹായിക്കാൻ ആരുമുണ്ടാവില്ല. താൻ ചിന്തിക്കുന്നതെല്ലാം ശരിയാണെന്നും അതു നടപ്പാക്കാൻ ആളു വേണമെന്നുമാണു രാഹുലിന്‍റെ താത്പര്യം. അതിനാരെയും കിട്ടില്ല.

2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചെന്നു പറഞ്ഞ രാഹുൽ പക്ഷേ, ഫലത്തിൽ അധികാരത്തിൽ തുടരുകയാണ്. എന്തു തീരുമാനമെടുക്കാനും രാഹുലിന്‍റെ അനുമതി വേണമെന്ന് കോൺഗ്രസ് നേതാക്കളിൽ വലിയൊരു വിഭാഗം രഹസ്യമായി സമ്മതിക്കും. രാഹുൽ ഒരു കാര്യത്തിലും തീരുമാനമെടുക്കുന്നില്ലെന്നാണ് മറ്റൊരു വിഭാഗത്തിന്‍റെ പരാതി. കോൺഗ്രസും അതിന്‍റെ അണികളും വ്യക്തികളെക്കാൾ വലുതാണ്. രാഹുൽ ഇങ്ങനെ കടുംപിടിത്തം തുടരാൻ പാടില്ല. കോൺഗ്രസിന് സംഘടനാപരമായി വലിയ ദൗർബല്യമുണ്ട്. ഇതു പരിഹരിക്കണം.

കോൺഗ്രസിനെ വെറുമൊരു പാർട്ടിയായി കാണരുത്. എഴുതിത്തള്ളാനും പാടില്ല. പല തവണ തിരിച്ചുവന്ന ചരിത്രമുണ്ട് കോൺഗ്രസിന്. കോൺഗ്രസിന്‍റെ സ്ഥാനത്തേക്കെത്താൻ ആം ആദ്മി പാർട്ടിക്കു കഴിയില്ല.

സ്വാതന്ത്ര്യാനന്തര കാലത്ത് കുടുംബപ്പേരുകൾ രാഷ്‌ട്രീയത്തിൽ പ്രധാനമായിരുന്നെങ്കിൽ ഇന്നത് ബാധ്യതയാണെന്നും പ്രശാന്ത് കിഷോർ. രാഹുൽ ഗാന്ധിയോ അഖിലേഷ് യാദവോ തേജസ്വി യാദവോ ആരുമാകട്ടെ. ഇവരെയെല്ലാം അവരുടെ പാർട്ടി അണികൾ അംഗീകരിക്കും. എന്നാൽ, പൊതുജനം അംഗീകരിക്കില്ലെന്നും പ്രശാന്ത് കിഷോർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com