ഒഡീശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

കൊണാര്‍ക്കില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെയുള്ള മഹാനദി ഓഫ്ഷോര്‍ ബേസിനിലെ എംഎന്‍-ഡിഡബ്ല്യു 18-1-എച്ച്-ഡി കിണറിലാണ് പ്രകൃതിവാതക സാന്നിധ്യം കണ്ടെത്തിയത്
Presence of natural gas off the Odisha coast

ഒഡീശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം

Representative image

Updated on

ന്യൂഡല്‍ഹി: ഇന്ത്യയുടെ കിഴക്കന്‍ തീരത്ത്, ഒഡീശയ്ക്ക് താരതമ്യേന അടുത്തുള്ള ആഴക്കടല്‍ പര്യവേക്ഷണ പ്രദേശത്ത് നിന്ന് പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) പ്രകൃതിവാതക സാന്നിധ്യം കണ്ടെത്തി. തുടര്‍പഠനങ്ങളിലൂടെ വാണിജ്യപരമായ ലാഭം ഉറപ്പാക്കാനായാല്‍, ഈ കണ്ടെത്തല്‍ പദ്ധതിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയേക്കാം.

പിടിഐ റിപ്പോര്‍ട്ട് പ്രകാരം, ഈ മാസം 18ന് കൊണാര്‍ക്കില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെയുള്ള മഹാനദി ഓഫ്ഷോര്‍ ബേസിനിലെ എംഎന്‍-ഡിഡബ്ല്യു 18-1-എച്ച്-ഡി കിണറിലാണ് ഈ കണ്ടെത്തല്‍ നടന്നത്. ഒഎന്‍ജിസിയുടെ ആഴക്കടല്‍ പര്യവേക്ഷണ ക്യാംപെയ്‌ന്‍റെ ഭാഗമായാണ് ഈ കിണര്‍ കുഴിച്ചത്.

ഈ കിണറ്റില്‍ 1,441 മീറ്റര്‍ മുതല്‍ 1,452 മീറ്റര്‍ വരെയുള്ള ആഴത്തില്‍ പ്രകൃതിവാതകം കണ്ടെത്തി. 1,623 മീറ്റര്‍ ആഴം വരെ കുഴിച്ച ഈ കിണര്‍, 'സമുദ്ര മന്ഥന്‍' പദ്ധതിയുടെ ഭാഗമായി മഹാനദി തടത്തില്‍ ഒഎന്‍ജിസി കുഴിച്ച ആദ്യത്തെ കിണറാണ്.

ഈ കണ്ടെത്തല്‍ ഇതുവരെ വാണിജ്യാടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്താവുന്ന ഒരു ഉറവിടമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കണ്ടെത്തലിന്‍റെ വ്യാപ്തിയും പ്രായോഗികതയും ഉറപ്പാക്കുന്നതിന് കൂടുതല്‍ പരിശോധനകളും വാണിജ്യപരമായ വിലയിരുത്തലുകളും ആവശ്യമാണെന്ന് ഒഎന്‍ജിസി അറിയിച്ചു.

വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുന്‍പ് കമ്പനി ഈ ശേഖരത്തെയും അതില്‍ നിന്ന് വേര്‍തിരിച്ചെടുക്കാവുന്ന വിഭവങ്ങളെയും കുറിച്ച് വിലയിരുത്തല്‍ നടത്തും.

logo
Metro Vaartha
www.metrovaartha.com