രാഷ്ട്രപതി ദ്രൗപദി മുർമു.
ന്യൂഡൽഹി: ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നു രാഷ്‌ട്രപതി ദ്രൗപദി മുർമു. സമ്പദ്‌രംഗത്ത് നമ്മുടെ നേട്ടങ്ങൾ സുവ്യക്തമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 6.5 ശതമാനമായിരുന്നു മൊത്ത ആഭ്യന്തരോത്പാദനത്തിലെ വളർച്ച. വിലക്കയറ്റം നിയന്ത്രണത്തിൽ. കയറ്റുമതി വർധിച്ചുകൊണ്ടിരിക്കുന്നു. എല്ലാ സൂചികകളും കാണിക്കുന്നത് നമ്മുടെ സമ്പദ് വ്യവസ്ഥ കരുത്തുറ്റ സ്ഥിതിയിലാണെന്നാണ്. സദ്ഭരണത്തിലൂടെ വലിയൊരു വിഭാഗത്തെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തിക്കൊണ്ടുവന്നെന്നും രാഷ്‌ട്രപതി.
സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി. വരുമാനത്തിലെ അന്തരം കുറഞ്ഞുവരുന്നു. മുൻകാലങ്ങളിൽ ദുർബലമായിരുന്ന സംസ്ഥാനങ്ങളും മേഖലകളും ഇന്ന് യഥാർഥശേഷി പുറത്തെടുത്ത് മുന്നിലോടുന്നവരായി മാറിയിരിക്കുന്നെന്നും രാഷ്‌ട്രപതി പറഞ്ഞു. ഇന്ത്യയുടേത് നിർജീവ സമ്പദ്‌വ്യവസ്ഥയാണെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആരോപിച്ചിരുന്നു. കേന്ദ്ര സർക്കാർ ഇതു തള്ളിയതിനു പിന്നാലെ രാജ്യം ലോകത്തിലെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പ്രയാണത്തിലാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ രാഷ്‌ട്രപടി വളർച്ചയെക്കുറിച്ച് എടുത്തു പറഞ്ഞതും യുഎസിനുള്ള മറുപടിയായാണു വിലയിരുത്തപ്പെടുന്നത്.