
പ്രയാഗ്‌രാജ് : മുൻ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും വെടിവച്ചു കൊലപ്പെടുത്തിയതു മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ അക്രമിസംഘം. വൈദ്യപരിശോധനയ്ക്കായി പ്രയാഗ്‌രാജ് മെഡിക്കൽ കോളെജിൽ എത്തിച്ചപ്പോഴായിരുന്നു ഇരുവരെയും വെടിവച്ചത്. എൻസിആർ ന്യൂസ് എന്നെഴുതിയ മൈക്കും ഐഡി കാർഡും ധരിച്ചെത്തിയ സംഘം പതിനാലു റൗണ്ട് വെടിയുതിർത്തു. മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സംഘർഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് യുപിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അതിഖ് അഹമ്മദിന്‍റെ മകൻ ആസാദ് അഹമ്മദ് കഴിഞ്ഞദിവസം പ്രത്യേക ദൗത്യസംഘവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനെക്കുറിച്ചു മാധ്യമപ്രവർത്തകർ പ്രതികരണം തേടുമ്പോഴാണു അതിഖിനും സഹോദരനും നേരെ വെടിയുതിർത്തത്. അതിഖിന്‍റെ തലയ്ക്കും, സഹോദരൻ അഷ്റഫിന്‍റെ കഴുത്തിനുമാണു വെടിയേറ്റത്. അക്രമികൾ ഉപയോഗിച്ച തോക്ക് കണ്ടെത്തിയിട്ടുണ്ട്. മൂന്നംഗ അക്രമിസംഘം രക്ഷപെടാൻ ശ്രമിച്ചില്ലെന്നാണ് റിപ്പോർട്ടകൾ. അതിഖിന്‍റെ സുരക്ഷാചുമതലുണ്ടായിരുന്ന 17 പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
സമാജ്‌വാദി പാർട്ടി മുൻ എംപിയായ അതിഖ് അഹമ്മദ് നൂറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സഹോദരൻ അഷറഫിനെതിരെ അറുപതോളം കേസുകളുമുണ്ട്. തന്‍റെയും കുടുംബാംഗങ്ങളുടെയും ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി അതിഖ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രദേശത്തെ ഇന്‍റർനെറ്റ് ബന്ധവും വിച്ഛേദിച്ചു.