

ബിജെപിയുടെ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ബിജെപിയുടെ പുതുതായി നിയമിതരായ ദേശീയ ഭാരവാഹികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘടനാ പരിചയവും ഊർജവും താഴെത്തട്ടിലെ പ്രവർത്തകരുമായുള്ള ബന്ധവും സമന്വയിപ്പിക്കുന്നതാണ് പുതിയ ടീമെന്ന് മോദി പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, ജെ.പി. നഡ്ഡ, നിതിൻ ഗഡ്കരി, കിരൺ റിജിജു തുടങ്ങിയവരും പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു. ബിജെപി അധ്യക്ഷൻ നിതിൻ നബിന്‍റെ നേതൃത്വത്തിൽ പാർട്ടി പുതിയ ദേശീയ ഭാരവാഹി സംഘത്തെ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
“ബിജെപിയുടെ പുതുതായി നിയമിതരായ ദേശീയ ഭാരവാഹികൾക്കും വിവിധ ചുമതലകൾ ലഭിച്ചവർക്കും അഭിനന്ദനങ്ങൾ. സംഘടനാ പരിചയവും ഊർജവും താഴെത്തട്ടിലെ ബന്ധവും സമന്വയിപ്പിക്കുന്നതാണ് പുതിയ ടീം”- മോദി എക്സിൽ കുറിച്ചു. ബിജെപിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനസേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പുതിയ ടീം മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ ടീം സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നും ജനസേവനത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനുമായി പൂർണമായും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ‘രാഷ്ട്രം ആദ്യം’ എന്ന ആശയം ഓരോ വ്യക്തിയിലേക്കും എത്തിക്കാൻ പുതിയ ടീം പ്രവർത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുറിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയും പുതിയ ഭാരവാഹികൾക്ക് അഭിനന്ദനം അറിയിച്ചു. മോദിയുടെ മാർഗനിർദേശത്തിലും നിതിൻ നബിന്‍റെ നേതൃത്വത്തിലും സംഘടനയെ പുതിയ ഉയരങ്ങളിലെത്തിക്കാൻ ടീമിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ടീം സംഘടനയ്ക്ക് പുതിയ ഊർജം നൽകുകയും എല്ലാ തലങ്ങളിലും ബിജെപിയെ ശക്തിപ്പെടുത്തുകയും ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിന് അർഥവത്തായ സംഭാവന നൽകുകയും ചെയ്യുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
പ്രഹ്ലാദ് ജോഷി, ശിവരാജ് സിങ് ചൗഹാൻ, മനോഹർലാൽ, സർബാനന്ദ സോനോവാൾ, വീരേന്ദ്ര കുമാർ, ഗിരിരാജ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, അന്നപൂർണ ദേവി എന്നിവരടക്കമുള്ള കേന്ദ്രമന്ത്രിമാരും പുതിയ ടീമിന് ആശംസകൾ നേർന്നു. പുതിയ ഭാരവാഹികളെ അഭിനന്ദിച്ച ബിജെപി അധ്യക്ഷൻ നിതിൻ നബിൻ, സമർപ്പിത പ്രവർത്തകരെന്ന മനോഭാവത്തോടെ ഓരോ അംഗവും സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ‘വികസിത ഭാരതം’ എന്ന ലക്ഷ്യവും രാജ്യനിർമാണത്തിനുള്ള പ്രതിബദ്ധതയും കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.