
ചെങ്കോട്ടയിൽ ദേശീയ പതാകയുയർത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യം 79-ാമത് സ്വാതന്ത്യദിനം ആഘോഷിച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാവിലെ രാജ്ഘട്ടിൽ സന്ദർശനം നടത്തിയതിന് ശേഷമാണ് ചെങ്കോട്ടയിൽ എത്തിയത്. ദേശീയ പതാക ഉയർത്തിയതിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യദിനം അഭിമാനത്തിന്‍റെ ഉത്സവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനാ ശില്പികളെയും സ്വാതന്ത്ര്യസമര സേനാനികളേയും മോദി അനുസ്മരിച്ചു.
ആത്മനിർഭർ ഭാരത് പദ്ധതിയാണ് രാജ്യത്തിന് പുതിയ ഊർജ്ജം നൽകുന്നതെന്നും ആത്മനിർഭർ ഭാരതാണ് ഓപ്പറേഷൻ സിന്ദൂറിന്‍റെ വിജയമായതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യുവാക്കൾക്കായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോസ്ഗർ യോജനയെന്നാണ് പുതിയ പദ്ധതിയുടെ പേര്. ഈ പദ്ധതിയിലൂടെ സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിക്കുന്ന യുവാക്കൾക്ക് സർക്കാരിൽ നിന്ന് 15000 രൂപ ലഭി ക്കും ഇത് വഴി.
ഭീകരവാദത്തെ പിന്തുണച്ചവര്‍ക്ക് അര്‍ഹിച്ച ശിക്ഷ നല്‍കുമെന്നും ആണവായുധ ഭീഷണി ഈ രാജ്യത്ത് വലിപോകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ അനുവദിക്കില്ല. മതത്തിന്‍റെ പേരിൽ ഭീകരര്‍ പാവപ്പെട്ടവരെ കൊലപ്പെടുത്തിയെന്നും വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്ന് ഇന്ത്യ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. സിന്ധുനദീജല കരാരില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ആണവായുധം കാണിച്ച് ഇന്ത്യയെ ഭയപ്പെടുത്താൻ ശ്രമിക്കേണ്ടതില്ലെന്നും പാക്കിസ്ഥാനെതിരേ ഇന്ത്യ സ്വീകരിച്ച നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും മോദി പറഞ്ഞു.
ദീപാവലിയോടെ ജിഎസ്ടിയിൽ വൻ പരിഷ്കാരം നടപ്പാക്കും. പുതിയ നികുതി വ്യവസ്ഥ അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയ്ക്കും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന രീതിയിലാകും നികുതി പരിഷ്കരണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എംഎസ്എംഇ മേഖലയെ ഉത്തേജിപ്പിക്കാനും നികുതി പരിഷ്കരണം സഹായിക്കുമെന്നും മോദി പറഞ്ഞു.
കർഷകരുടെ അവകാശത്തിനായി താൻ ഒരു മതിൽ പോലെ നിൽക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക വിപണിയെ ഇന്ത്യ ഭരിക്കണം. ഉത്പാദന ചെലവ് കുറച്ച് ഗുണനിലവാരമുളള ഉത്പന്നങ്ങൾ ഉപയോഗിച്ച് ആഗോള വിപണികളിൽ നമ്മുടെ കഴിവ് തെളിയിക്കേണ്ട സമയമാണിതെന്ന് മോദി വ്യക്തമാക്കി. മറ്റു രാജ്യങ്ങളെക്കുറിച്ച് നാം ആശങ്കപ്പെടേണ്ടതില്ലെന്നും, നമ്മുടെ ലക്ഷ്യം കാണാൻ നമുക്ക് മുമ്പോട്ട് പോകേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.