
ന്യൂഡൽഹി: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സഖ്യം മേഖലയുടെയും ലോകത്തിന്‍റെ തന്നെയും സ്ഥിരതയ്ക്കും ക്ഷേമത്തിനും അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സന്ദർശിക്കുന്ന സൗദി കിരീടാവകാശി സൽമാൻ രാജകുമാരനുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന ചർച്ചയ്ക്കു ശേഷം ഇരുവരും സ്ട്രാറ്റജിക് പാർട്ട്ണർഷിപ്പ് കൗൺസിലിന്‍റെ ആദ്യ നേതൃയോഗത്തിനു സംയുക്തമായി അധ്യക്ഷത വഹിച്ചു. 2019ൽ റിയാദിൽ ഒപ്പുവച്ച ഉഭയകക്ഷി ധാരണയാണ് സ്ട്രാറ്റജിക് പാർട്ട്ണർഷിപ്പ് കൗൺസിൽ.
മാറുന്ന കാലത്തിനനുസരിച്ച് ഇന്ത്യ - സൗദി ബന്ധത്തിന് പുതിയ മാനങ്ങൾ കൈവരുകയാണെന്നും മോദി കൂട്ടിച്ചേർത്തു.
സ്ട്രാറ്റജിക് പാർട്ട്ണർഷിപ്പ് കൗൺസിലിന്‍റെ രാഷ്‌ട്രീയ, സുരക്ഷാ, സാമൂഹിക, സാംസ്കാരിക വിഷയങ്ങളിൽ രൂപീകരിച്ച രണ്ട് മന്ത്രിതല സമിതികളുടെ ഇതുവരെയുള്ള പ്രവർത്തനം ഇരുനേതാക്കളും അവലോകനം ചെയ്തു.