
ഹൈദരാബാദ്: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആദ്യമായി തെലങ്കാനയിൽ നിന്ന് മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. മുത്തശിയായ ഇന്ദിരാ ഗാന്ധിയുടെ പാത പിൻതുടർന്ന് തെലങ്കാനയിലെ മേദക്കിലോ മെഹബുബ് നഗറിലോ ആവും പ്രിയങ്ക മത്സരിക്കുകയെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക തെലങ്കാനയിൽ മത്സരിക്കുകയാണെങ്കിൽ അത് ചരിത്രത്തിന്‍റെ തനി ആവർത്തനമാവും. 1980 ൽ മേദക്കിലായിരുന്നു ഇന്ദിര ഗാന്ധി മത്സരിച്ചത്. അധികാരത്തിൽ തിരിച്ചെത്തുന്നതിനായുള്ള നിർണ്ണായക തെരഞ്ഞെടുപ്പായിരുന്നു അത്. അവിടെനിന്നും ഇന്ദിര ഗാന്ധി വിജയിച്ച് കയറുകയും ചെയ്തു.
2024 ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മുൻപാണ് തെലങ്കാനയിൽ നിയമസഭ തെരഞ്ഞെടുപ്പു നടക്കുക. നിയമസഭാ തെരഞ്ഞെടുപ്പു ഫലം പൊതു തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാവും.