രാഹുൽ അമേഠിയിലേക്ക്, പ്രിയങ്ക റായ്ബറേലിയിൽ? പ്രഖ്യാപനം ഉടനുണ്ടായേക്കും

സമാജ്‌‌വാദി പാര്‍ട്ടിയുമായി യുപിയിൽ സീറ്റ് ധാരണയുള്ള കോൺഗ്രസ് 17 മണ്ഡലങ്ങളിലാണു മത്സരിക്കുന്നത്
രാഹുൽ അമേഠിയിലേക്ക്, പ്രിയങ്ക റായ്ബറേലിയിൽ? പ്രഖ്യാപനം ഉടനുണ്ടായേക്കും

ന്യൂഡല്‍ഹി: അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി വാദ്‌രയും മത്സരിച്ചേക്കും. ഇന്നു നടക്കുന്ന രണ്ടാംഘട്ടം വോട്ടെടുപ്പിനു ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നു കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു. അടുത്തയാഴ്ച ഇരുവരും നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. മേയ് 20നാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ്.

സമാജ്‌‌വാദി പാര്‍ട്ടിയുമായി യുപിയിൽ സീറ്റ് ധാരണയുള്ള കോൺഗ്രസ് 17 മണ്ഡലങ്ങളിലാണു മത്സരിക്കുന്നത്. എസ്പി 63 സീറ്റുകളിൽ. നെഹ്റു കുടുംബത്തിന്‍റെ ശക്തികേന്ദ്രങ്ങളായി പരിഗണിച്ചിരുന്ന അമേഠിക്കും റായ്ബറേലിക്കും പുറമെ, വാരാണസി, ഗാസിയാബാദ്, കാണ്‍പുര്‍ തുടങ്ങിയ മണ്ഡലങ്ങളും കോൺഗ്രസിനാണ്.

2019ൽ രാഹുലിനെ പരാജയപ്പെടുത്തിയ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തന്നെയാണ് ഇത്തവണയും അവിടെ ബിജെപി സ്ഥാനാർഥി. പ്രചാരണത്തിൽ സ്മൃതി ഏറെ മുന്നിലാണ്. അമേഠിയുടെ കാര്യത്തിൽ കോൺഗ്രസിന്‍റെ പ്രഖ്യാപനം നീണ്ടു പോകുന്നതിനിടെ ഇവിടെ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര രംഗത്തെത്തിയിരുന്നു. എന്നാൽ, നേതൃത്വം പ്രതികരിച്ചില്ല.

അതേസമയം, രാഹുലിന് അമേഠിയോടുള്ള കൂറ് ചോദ്യം ചെയ്താണു സ്മൃതിയുടെ പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേഠി ലോക്സഭാ മണ്ഡലത്തിലെ 19 ലക്ഷം പൗരന്മാര്‍ക്ക് റേഷന്‍ നല്‍കിക്കഴിഞ്ഞു. ഗാന്ധി കുടുംബം മോദിക്ക് എതിരാണല്ലോ. ഈ റേഷന്‍ വാങ്ങിയ 19 ലക്ഷം പേരോട് രാഹുലിന് എന്താണ് പറയാനുള്ളത്? വയനാട് തന്‍റെ കുടുംബമാണെന്നും അവിടത്തെ വോട്ടർമാർ വിശ്വസ്തരാണെന്നും രാഹുൽ പറയുന്നു. അപ്പോൾ അമേഠിയിലുള്ളവർ വിശ്വസ്തരല്ലേ എന്നും ചോദിക്കുന്നു സ്മൃതി. വിവാദം കൊഴുക്കുന്നതിനിടെ അമേഠിയിലെ രാഹുലിന്‍റെ വസതിയിൽ അറ്റകുറ്റപ്പണികൾ അതിവേഗം മുന്നേറുകയാണ്.

1960മുതല്‍ കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയാണ് റായ്‌ബറേലി. ഫിറോസ് ഗാന്ധിയും ഇന്ദിര ഗാന്ധിയും പ്രതിനിധാനം ചെയ്തിട്ടുള്ള മണ്ഡലത്തിൽ രണ്ടു പതിറ്റാണ്ടായി സോണിയ ഗാന്ധിയാണ് എംപി. സോണിയ രാജ്യസഭയിലേക്കു മാറിയതിനാലാണ് പ്രിയങ്കയെ പരീക്ഷിക്കാനുള്ള നീക്കം. 2019ൽ യുപിയിൽ കോൺഗ്രസ് തകർന്നടിഞ്ഞപ്പോഴും പിടിച്ചുനിന്ന ഏക മണ്ഡലമാണു റായ്ബറേലി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com